നവവധുവിനു മർദനം: പ്രതിയെ പിടികൂടാൻ ഇന്റർപോളിനു റിപ്പോർട്ട് നൽകി
Mail This Article
കോഴിക്കോട് ∙ പന്തീരാങ്കാവിൽ നവവധുവിനു ഭർതൃവീട്ടിൽ ക്രൂരമർദനമേറ്റ സംഭവത്തിൽ പ്രതി രാഹുൽ പി.ഗോപാലിനെ തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട്, ഇന്റർപോൾ സംസ്ഥാന നോഡൽ ഓഫിസറായ ക്രൈംബ്രാഞ്ച് എഡിജിപി ഇന്റർപോൾ ദേശീയ നോഡൽ ഓഫിസറായ സിബിഐ ഡയറക്ടർക്ക് ഇന്നലെ റിപ്പോർട്ട് നൽകി. രണ്ടു ദിവസത്തിനകം റിപ്പോർട്ട് ഫ്രാൻസിലെ ഇന്റർപോൾ ആസ്ഥാനത്ത് എത്തിക്കും. ഈ റിപ്പോർട്ടിൽ സംസ്ഥാന ആഭ്യന്തര വകുപ്പിനു വിശദ മറുപടി ലഭിച്ച ശേഷമേ പ്രതിക്കെതിരെ റെഡ്കോർണർ നോട്ടിസ് പുറപ്പെടുവിക്കുകയുള്ളൂ എന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രതി ഉപയോഗിച്ചിരുന്ന കാറിൽ കണ്ടെത്തിയ രക്തക്കറ പെൺകുട്ടിയുടേതാണോ എന്നറിയാൻ രക്തസാംപിൾ ശേഖരിക്കും. രാഹുലിനെ രാജ്യം വിടാൻ സഹായിച്ചതിനു സസ്പെൻഷനിലായ പന്തീരാങ്കാവ് സ്‌റ്റേഷനിലെ സീനിയർ സിപിഒ ശരത്‌ലാലിനെതിരെ വകുപ്പുതല അന്വേഷണം തുടങ്ങിയിട്ടുണ്ട്. പരാതിയുമായി യുവതിയും ബന്ധുക്കളും എത്തിയ സമയത്ത് ശരത്‌ലാൽ ഉൾപ്പെടെ 11 പൊലീസുകാർ പന്തീരാങ്കാവ് സ്റ്റേഷനിൽ ഉണ്ടായിരുന്നു. പ്രതിയുമായി ബന്ധപ്പെട്ടത് ശരത്‌ലാൽ മാത്രമാണെന്നാണു പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്.
രാഹുലിന്റെ അമ്മയും കേസിലെ രണ്ടാം പ്രതിയുമായ ഉഷാകുമാരി, രാഹുലിന്റെ സഹോദരിയും മൂന്നാം പ്രതിയുമായ കാർത്തിക എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ്.മുരളീകൃഷ്ണ 27 ലേക്കു മാറ്റി. പൊലീസ് റിപ്പോർട്ട് നൽകാൻ കൂടുതൽ സമയം വേണമെന്നുള്ള പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടർന്നാണു ഹർജി മാറ്റിയത്.