ഡോ. വന്ദന ദാസ് വധക്കേസ്: കുറ്റപത്രത്തിന്മേലുള്ള വാദം പൂർത്തിയായി
Mail This Article
കൊല്ലം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രത്തിന്മേലുള്ള വാദവും പ്രതിഭാഗം നൽകിയ വിടുതൽ ഹർജിയിലുള്ള വാദവും പൂർത്തിയായി. 29ന് വിധി പ്രഖ്യാപിക്കും. അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദാണ് കേസ് പരിഗണിക്കുന്നത്.
പ്രതി സന്ദീപിനെ കുറ്റവിമുക്തനാക്കണമെന്നുള്ള പ്രതിഭാഗം വാദം പ്രോസിക്യൂഷൻ എതിർത്തു. കൃത്യമായ ഉദ്ദേശ്യത്തോടെയും തയാറെടുപ്പോടെയുമാണ് വന്ദനയെ പ്രതി കൊലപ്പെടുത്തിയതെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ വാദിച്ചു. അതുകൊണ്ട് പ്രതിക്കെതിരെ കൊലപാതകക്കുറ്റം ഉൾപ്പെടെയുള്ള കുറ്റങ്ങൾ നിലനിൽക്കും. പ്രതിക്ക് മാനസിക പ്രശ്നമില്ല. ഹോസ്പിറ്റലിലെ ഡ്രസിങ് റൂമിൽ ബഹളമുണ്ടാക്കിയതും, അതിനിടയിൽ കത്രിക കൈക്കലാക്കി കയ്യിൽ ഒളിപ്പിച്ചതും, ആക്രമിക്കപ്പെട്ടവരുടെയെല്ലാം മർമ സ്ഥാനങ്ങളിൽ പല തവണ കുത്തി മുറിവേൽപ്പിച്ചതും പ്രതിയുടെ ക്രൂരത വെളിവാക്കുന്നു. വന്ദനയെ ബലമായി പിടിച്ചിരുത്തി 26 തവണ നെഞ്ചത്തും മുഖത്തും മറ്റും കുത്തി പരുക്കേൽപ്പിച്ചെന്നതും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം തെളിയിക്കുന്നതായും പ്രോസിക്യൂഷൻ വാദിച്ചു.
വന്ദന ദാസ് കൊലക്കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങൾക്ക് അന്വേഷണ സംഘം നൽകിയെന്ന പ്രതിഭാഗം അഭിഭാഷകൻ ബി.എ.ആളൂരിന്റെ വാദത്തെയും പ്രോസിക്യൂഷൻ എതിർത്തു. സത്യസന്ധമായ അന്വേഷണ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് മാധ്യമ ധർമമാണെന്നും അതു വിലക്കാൻ സാധിക്കില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി.പടിക്കലിനോപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരും ഹാജരായി.
കഴിഞ്ഞ വർഷം മേയ് 10ന് പുലർച്ചെയാണ് ചികിത്സയ്ക്കായി പൊലീസ് അകമ്പടിയിൽ എത്തിച്ച കുടവട്ടൂർ ചെറുകരക്കോണം സ്വദേശി സന്ദീപ് സർജിക്കൽ കത്തി ഉപയോഗിച്ചു ഡോ. വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയത്. സന്ദീപിന്റെ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 5 പേർക്ക് പരുക്കേറ്റിരുന്നു. 24 ദൃക്സാക്ഷികൾ ഉൾപ്പെടെ 136 പേരാണ് സാക്ഷിപ്പട്ടികയിലുള്ളത്.