കരിമണൽ ഖനന പരാതി: ഫയൽ ഇട്ടുതട്ടി വിജിലൻസും വകുപ്പുകളും
Mail This Article
തിരുവനന്തപുരം∙ ആലപ്പുഴ തോട്ടപ്പള്ളിയിൽ ഖനനം ചെയ്യുന്ന കരിമണൽ സിഎംആർഎൽ കമ്പനിക്കു നൽകുന്നതിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വിജിലൻസിനു ലഭിച്ച പരാതി വകുപ്പുകൾ ഇട്ടുതട്ടുന്നു. ഡിസംബറിലാണു വിജിലൻസ് ഡയറക്ടർക്കു പരാതി ലഭിക്കുന്നത്. അഞ്ചുമാസമായിട്ടും വ്യവസായ, ജലവിഭവ വകുപ്പുകളുടെ അഭിപ്രായം കാത്തിരിക്കുന്നത് അന്വേഷണം പരമാവധി വൈകിപ്പിക്കാനുള്ള നീക്കമെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിയുടെ മകളുമായി സിഎംആർഎൽ നടത്തിയ സാമ്പത്തിക ഇടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആറുമാസം മുൻപു മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ പരാതിയിലും അന്വേഷണം തുടങ്ങിയിട്ടില്ല.
കെഎംഎംഎലും ഐആർഇഎലും ചേർന്നു ഖനനം ചെയ്യുന്ന മണലിലെ ധാതുക്കൾ നിയമവിരുദ്ധമായി സിഎംആർഎലിനു നൽകുന്നുണ്ടെന്നും ഇതിൽ അന്വേഷണം നടത്തണമെന്നുമാണു കരിമണൽ ഖനന വിരുദ്ധ ഏകോപനസമിതി ഡിസംബർ 29നു വിജിലൻസ് ഡയറക്ടർക്കു പരാതി നൽകിയത്. ജില്ലാ വിജിലൻസ് പരാതി സ്വീകരിക്കാതെ വന്നതിനാലാണു ഡയറക്ടർക്കു നൽകിയത്. എന്നാൽ പരാതി നേരേ ആഭ്യന്തര വകുപ്പിന് അയച്ചുകൊടുത്തതല്ലാതെ വിജിലൻസ് അനങ്ങിയില്ല.
അതോടെ ഏകോപന സമിതി കോട്ടയം വിജിലൻസ് കോടതിയിൽ പരാതി നൽകി. അവിടെ അന്വേഷണ ആവശ്യത്തെ സർക്കാർ എതിർത്തു. ഖനനത്തിന്റെ പരിസ്ഥിതി ആഘാതം സംബന്ധിച്ച് ഏകോപന സമിതി നൽകിയ മറ്റൊരു ഹർജി ഹൈക്കോടതി തള്ളിയതു ചൂണ്ടിക്കാട്ടിയായിരുന്നു എതിർപ്പ്. അന്വേഷണം വേണ്ടെന്നു സർക്കാർ ശക്തമായി വാദിച്ചതോടെ സമിതിയുടെ ആവശ്യം കോടതി തള്ളി. വിജിലൻസ് ഡയറക്ടർ അയച്ച ഫയൽ ആഭ്യന്തരവകുപ്പ് പൊടിതട്ടിയെടുത്തത് ഇതിനുശേഷമാണ്. ഖനനത്തിന്റെ നിയന്ത്രണം ജലവിഭവ വകുപ്പിനും, കെഎംഎംഎലിന്റെ നിയന്ത്രണം വ്യവസായ വകുപ്പിനുമാണ്.
പരാതിയിൽ വിജിലൻസ് നടപടിയെടുക്കേണ്ടതുണ്ടെങ്കിൽ ശുപാർശ നൽകണമെന്നാവശ്യപ്പെട്ടാണ് ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ജലവിഭവ, വ്യവസായ സെക്രട്ടറിമാർക്കു ഫയൽ അയച്ചുകൊടുത്തത്. ഈ രണ്ടു വകുപ്പുകളും പരാതിയിൽ പ്രതിസ്ഥാനത്തായിരിക്കെയാണ് അന്വേഷണം വേണോയെന്ന തീരുമാനം അവർക്കു തന്നെ വിട്ടത്.