അവയവദാതാവ് ജീവനൊടുക്കാൻ ശ്രമിച്ചിട്ടും അനങ്ങാതെ പൊലീസ്; കരളിന്റെ വില 12 ലക്ഷം
Mail This Article
തൃശൂർ ∙ പാവറട്ടി മുല്ലശേരിയിൽ ദുരൂഹസാഹചര്യത്തിൽ അവയവക്കൈമാറ്റത്തിന് ഇരയായ മുപ്പതോളം പേരിലൊരാൾ വിഷംകഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ചിട്ടും ഇതിനു പിന്നിലെ ദുരൂഹതയെക്കുറിച്ചു പൊലീസ് അന്വേഷണമുണ്ടായില്ല. അവയവക്കൈമാറ്റത്തിലൂടെ ലഭിച്ച പണം പങ്കാളി തട്ടിയെടുത്തതിന്റെ മനോവിഷമത്തിലാണു യുവതി ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണു സൂചന.
ഇവരടക്കം 7 അവയവദാതാക്കളുടെ വിലാസമടക്കമുള്ള വിവരങ്ങളും ഇരുപതിലേറെപ്പേരുടെ പേരും പൊലീസിനു ലഭിച്ചിരുന്നെങ്കിലും മൊഴിയെടുത്തതു 2 പേരിൽനിന്നു മാത്രം. ‘കിഡ്നി’ എന്നു വിളിപ്പേരുള്ള ഏജന്റുമായി ബന്ധപ്പെട്ടിരുന്നതായി 2 പേരും മൊഴി നൽകിയെങ്കിലും പ്രതിസ്ഥാനത്തുള്ളയാളുടെ മൊഴിയെടുത്തതിൽ അന്വേഷണം നിലച്ചു.
ജീവനൊടുക്കാൻ ശ്രമിച്ച യുവതിക്കു വൃക്കക്കൈമാറ്റത്തിലൂടെ 5 ലക്ഷം രൂപ ലഭിച്ചെന്നാണു വിവരം. എന്നാൽ, യുവതിയുടെ പങ്കാളി ഈ പണം തട്ടിയെടുത്തു സ്ഥലംവിട്ടതോടെ ഇവർ കടുത്ത മനോവിഷമത്തിലായി. മകളെ പഠിപ്പിക്കുന്നതിനു പണം കണ്ടെത്താനാണ് ഇവർ വൃക്ക വിൽക്കാൻ തയാറായതെന്നു സൂചനയുണ്ട്. യുവതി മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്നുണ്ടെന്നും അവയവക്കച്ചവടം സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ അവർക്കു കഴിയുമെന്നും മുല്ലശേരി സാന്ത്വനം ജീവകാരുണ്യ സമിതി പ്രസിഡന്റ് സി.എ.ബാബു പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ, ഈ യുവതിയിൽനിന്നടക്കം പൊലീസ് മൊഴി തേടാതിരുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നില്ല.
2006 ൽ അവയവ വിൽപക്കേസിൽ ജയിലിൽ പോയയാളാണ് ‘കിഡ്നി’. ഇയാളെ പൊലീസ് ചോദ്യം ചെയ്തെങ്കിലും തനിക്കൊന്നുമറിയില്ലെന്ന നിലപാടിൽ ഉറച്ചുനിന്നതോടെ അന്വേഷണം നിലച്ചു. മറ്റ് അവയവദാതാക്കളെക്കുറിച്ചും കാര്യമായ അന്വേഷണമുണ്ടായില്ല. ഇവരിൽ പലരും വീട് ഉപേക്ഷിക്കുകയോ നാടുവിട്ടു പോകുകയോ ചെയ്തതായാണു വ്യക്തമായത്.
കരളിന്റെ വില 12 ലക്ഷം
മുല്ലശേരിയിൽ കരൾദാനത്തിനു വിധേയനായ നിർധന യുവാവും കുടുംബവും പുറമ്പോക്കിലെ വീട് ഉപേക്ഷിച്ചു പോയതായി നാട്ടുകാർ പറയുന്നു. ഇയാളുടെ ഭാര്യയ്ക്കു മൈക്രോ ഫിനാൻസ് വായ്പക്കുടിശിക മൂലം കടബാധ്യതയുണ്ടായിരുന്നു. പണം തിരിച്ചടയ്ക്കാൻ മറ്റു മാർഗമില്ലാതിരിക്കെയാണ് യുവതിയെ മറ്റൊരു സ്ത്രീ സമീപിക്കുന്നത്. അവയവക്കൈമാറ്റം നടത്താൻ തയാറായാൽ കടബാധ്യത തീരുമെന്ന പ്രതീക്ഷയിൽ യുവതി സമ്മതിച്ചു. എന്നാൽ, ശരീരഭാരം കൂടുതലായതിനാൽ തടസ്സങ്ങളുണ്ടായി. ഇതോടെയാണു ഭർത്താവ് തയാറായത്. കരൾ നൽകിയ ഇയാൾക്ക് 12 ലക്ഷം രൂപ ലഭിച്ചെന്നാണു വിവരം. ഇതോടെ പുറമ്പോക്കിലെ വീട് ഉപേക്ഷിച്ച് ഇവർ വാടകവീടെടുത്തു മറ്റൊരിടത്തേക്കു താമസം മാറിയെന്നു നാട്ടുകാർ പറയുന്നു. വൃക്ക കൈമാറിയ പലർക്കും 5 മുതൽ 8 ലക്ഷം വരെയാണു പ്രതിഫലം ലഭിച്ചതെന്നും വിവരമുണ്ട്.