ADVERTISEMENT

ബാലുശ്ശേരി ∙ പതിനെട്ടു വർഷം മുൻപു ബാലുശ്ശേരിക്കടുത്തു നിന്നു കാണാതായ ഗൃഹനാഥനെ കൊല്ലത്തെ സ്വകാര്യ മെ‍ഡിക്കൽ കോളജിന്റെ ലാബിൽ അഞ്ചു മാസം പഴക്കമുള്ള അനാഥമൃതദേഹമായി കണ്ടെത്തി. ബന്ധുക്കൾ തിരി‍ച്ചറിഞ്ഞ് ഏറ്റുവാങ്ങി നാട്ടിലെത്തിച്ചു കബറടക്കി. കാന്തപുരം മുണ്ടോചാലിൽ അബ്ദുൽ സലീം (70) ആണു മരിച്ചത്.

കൊല്ലം ജില്ലാ ആശുപത്രിയിൽ അഞ്ചു മാസം മോർച്ചറിയിൽ സൂക്ഷിച്ചിട്ടും ഏറ്റെടുക്കാൻ ആരും എത്താത്തതിനെ തുടർന്നു സ്വകാര്യ മെഡിക്കൽ കോളജിനു പഠനാവശ്യത്തിനു വിട്ടുകൊടുത്തിരിക്കെയാണു പത്രവാർത്ത കണ്ടു ബന്ധുക്കളെത്തിയത്. മെഡിക്കൽ കോളജിനു വിട്ടുകൊടുക്കുന്നതിനു മുൻപു ജില്ലാ ആശുപത്രിയിലെ നഴ്സ് മുൻകയ്യെടുത്ത് ഇസ്‌ലാമിക ആചാരപ്രകാരം മരണാനന്തര കർമങ്ങൾ നടത്തിയതു സംബന്ധിച്ച വാർത്ത കണ്ടാണു ബന്ധുക്കൾ തിരിച്ചറിഞ്ഞത്.

മദ്രാസാധ്യാപകനായിരുന്ന സലീമിനെ 2006ൽ ആണു കാണാതായത്. അപ്പോൾ 52 വയസ്സായിരുന്നു. ഉണ്ണികുളം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പതിനൊന്നാം വാർഡിൽ സലീം സ്വതന്ത്രനായി മത്സരിച്ചിരുന്നു. അതിനു ശേഷമാണ് അപ്രത്യക്ഷനാകുന്നത്. പൊലീസും ബന്ധുക്കളും ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. 2023 ഡിസംബറിൽ കൊല്ലത്ത് അവശനിലയിൽ കണ്ട് പൊലീസുകാരാണു ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.

സലീം ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ, അതേ ആശുപത്രിയിലെ സീനിയർ നഴ്സിങ് ഓഫിസർ സുരഭി മോഹന്റെ പിതാവും അവിടെ ചികിത്സയ്ക്കായി എത്തിയിരുന്നു. അടുത്തടുത്ത കട്ടിലുകളിലായിരുന്നു ഇരുവരും. അച്ഛനെ പരിചരിക്കാനെത്തിയ സുരഭിയാണ് ആരും തുണയില്ലാത്ത സലീമിനെയും നോക്കിയത്. ഏതാനും ദിവസത്തിനകം സലീം മരിച്ചു. മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം 5 മാസത്തിനു ശേഷം പഠനാവശ്യത്തിനു വിട്ടുനൽകാൻ തീരുമാനിച്ചപ്പോൾ വിവരമറിഞ്ഞു സുരഭി പുരോഹിതരെ വരുത്തി ഇസ്‌ലാമിക രീതിയിൽ മരണാനന്തര കർമങ്ങൾ നടത്തി.

ഇതു സംബന്ധിച്ച വാർത്തയും പടവും കണ്ടു സലീമിന്റെ സൗദിയിലുള്ള ബന്ധുക്കൾ കൊല്ലത്തെ പൊതുപ്രവർത്തകരെ ബന്ധപ്പെടുകയായിരുന്നു. പഠനാവശ്യത്തിനായി രാസവസ്തുക്കൾ പ്രയോഗിച്ചിരുന്നതിനാൽ മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധന നടത്താനായില്ല. ബന്ധുക്കൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൃതദേഹം തിരിച്ചറിഞ്ഞു വിട്ടു നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കാന്തപുരം കൊയിലോത്തുകണ്ടി ജുമാ മസ്ജിദിൽ കബറടക്കി. 

English Summary:

missing person deadbody found after 18 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com