വൃക്കദാനം: തൃശൂർ മുല്ലശേരിയിൽ 15 വർഷം മുൻപേ തട്ടിപ്പ്; ഏജന്റ് എത്തിച്ചു, വ്യാജ രേഖ മുതൽ വ്യാജ അമ്മ വരെ
Mail This Article
തൃശൂർ ∙ അവയവം നൽകാനെത്തുന്നവരുടെ പേരിൽ വ്യാജ വോട്ടർ തിരിച്ചറിയൽ കാർഡും റേഷൻ കാർഡും മുല്ലശേരിയിലെ ഏജന്റ് ഉണ്ടാക്കിയിരുന്നതായി, 15 വർഷം മുൻപ് വൃക്ക വിറ്റ പാലക്കാട് സ്വദേശി വെളിപ്പെടുത്തി. വാഗ്ദാനം ചെയ്ത 3.5 ലക്ഷം രൂപയിൽ ഒരു ലക്ഷമേ കിട്ടിയുള്ളൂ; വൃക്ക വിറ്റതാണെന്നു വീട്ടിൽ അറിയിച്ചിട്ടില്ലാത്തതിനാൽ പരസ്യമായി രംഗത്തുവരാനുമാകുന്നില്ല.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. സ്വമനസ്സാലെ വൃക്ക ദാനം ചെയ്യുകയാണെന്ന് ആശുപത്രിയിൽ അറിയിച്ചിരുന്നു. തനിക്കു വ്യാജ ‘അമ്മ’യെയും ഏജന്റ് എത്തിച്ചിരുന്നു. ‘മകൻ’ വൃക്ക നൽകുന്നതിൽ എതിർപ്പില്ലെന്ന് ഇവരും അറിയിച്ചു.
ആശുപത്രിയിൽ കാണിച്ച വ്യാജരേഖകളും ശസ്ത്രക്രിയാ രേഖകളുമെല്ലാം ഏജന്റ് വാങ്ങിവച്ചു. ചില കടലാസുകളിൽ ഒപ്പിടുവിച്ചു. പാലക്കാട്ടെ വീട്ടിലേക്കു മടങ്ങിയശേഷം ബാക്കി 2.5 ലക്ഷത്തിനായി വിളിക്കുമ്പോൾ ഏജന്റ് ഫോൺ എടുക്കാതെയായി.
വൃക്ക സ്വീകരിച്ച ആൾ 6 മാസം കഴിഞ്ഞു മരിച്ചതിനാൽ ആ വീട്ടുകാരോടും പണം ചോദിക്കാൻ കഴിയാതെയായെന്നു യുവാവ് പറഞ്ഞു.