വൃക്കദാനം: നഷ്ടവും ദുരിതവും മാത്രം മിച്ചം; 8.5 ലക്ഷം വാഗ്ദാനം, നൽകിയത് 3.5 ലക്ഷം
Mail This Article
കൊച്ചി ∙ ‘‘ജപ്തിയിൽനിന്നു വീടു തിരിച്ചുപിടിക്കാൻ ഏജന്റിനെ വിശ്വസിച്ച് വൃക്ക നൽകി. ഒടുവിൽ 2.5 ലക്ഷത്തിന്റെ കടം 8.5 ലക്ഷമായി. ജോലിയും പോയി’’– കടം കയറി നാട്ടിൽ നിൽക്കാനാകാതെ കുടുംബവുമൊത്ത് എറണാകുളത്തു താമസിക്കുന്ന നാൽപതുകാരി പറയുന്നു.
ആശുപത്രി ജീവനക്കാരിയായിരുന്ന യുവതി അവിടെ പതിവായി കാണുന്ന ഏജന്റിന്റെ പ്രേരണയിലാണു വൃക്ക നൽകിയത്. 8.5 ലക്ഷമായിരുന്നു വാഗ്ദാനം. 2020 ജൂണിൽ ശസ്ത്രക്രിയ നടത്തി. 3.5 ലക്ഷം രൂപ കിട്ടി. ബാക്കി തുക ചോദിക്കുമ്പോൾ കൂടുതൽ ദാതാക്കളെ എത്തിക്കണമെന്നായി ഏജന്റ്. നിവൃത്തിയില്ലാതെ 10–12 പേരെ പരിചയപ്പെടുത്തിക്കൊടുത്തു. കൂടുതലും സ്ത്രീകൾ. അവരിൽ പലരെയും പറ്റിച്ചു. ഇതിനിടെ ഏജന്റിൽനിന്നു ശാരീരിക, മാനസിക പീഡനങ്ങളുമുണ്ടായി.
കഴിഞ്ഞ ഡിസംബറിൽ പനങ്ങാട് പൊലീസിൽ പരാതി നൽകിയതറിഞ്ഞ് ഏജന്റ് വ്യാജ പരാതിയുണ്ടാക്കി ജോലി ഇല്ലാതാക്കി. യുവതി 8 ലക്ഷം രൂപ തട്ടിച്ചെന്ന ആരോപണവും പ്രചരിപ്പിച്ചു.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഇടപെട്ടതോടെ പനങ്ങാട് പൊലീസ് കേസെടുത്തെങ്കിലും ഇപ്പോഴും തുടർനടപടിയില്ല. ഭർത്താവിനൊപ്പം ചായക്കട നടത്തിയാണ് ഇപ്പോൾ ജീവിതം.