ലോട്ടറി വിൽപനക്കാരനെ കൊലപ്പെടുത്തിയ കേസ്: പ്രതി റിമാൻഡിൽ
Mail This Article
മുക്കൂട്ടുതറ ∙ എരുമേലി പഞ്ചായത്തിന്റെ മുക്കൂട്ടുതറയിലെ വ്യാപാരസമുച്ചയത്തിലെ കടമുറിക്കു മുന്നിൽ ലോട്ടറിവിൽപനക്കാരൻ മുട്ടപ്പളളി സ്വദേശി വിളയിൽ ഗോപി(72)യെ കൊലപ്പെടുത്തിയ കേസിൽ പ്രതി ചാത്തൻതറ ഇടത്തിക്കാവ് താഴത്തുവീട്ടിൽ മനോജി(45)നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേൾവി–സംസാര വെല്ലുവിളി നേരിടുന്നയാളാണു പ്രതി മനോജ്. ഇയാൾ കൊലപാതകത്തിനു ശേഷം തന്റെ പേരും സ്ഥലവും ഭിത്തിയിൽ എഴുതിവച്ചതാണു പ്രതിയെ കണ്ടെത്തുന്നതിനു പൊലീസിനു സഹായമായത്.
പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ സമയത്തും കൊലപാതകം സംബന്ധിച്ച് കടലാസിൽ അവ്യക്തമായി എഴുതി നൽകിയിരുന്നു. തുടർന്നു പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലും പ്രതി കുറ്റം സമ്മതിച്ചു. മുൻവൈരാഗ്യത്തെത്തുടർന്നു പ്രതി മനോജ് വ്യാഴാഴ്ച രാത്രി ഗോപിയെ ചവിട്ടി വീഴ്ത്തുകയും തലയ്ക്കു പിന്നിൽ കല്ലുകൊണ്ട് ഇടിക്കുകയും സ്വന്തം മുണ്ട് ഉപയോഗിച്ചു കഴുത്തിൽ ചുറ്റിമുറുക്കുകയും ചെയ്തുവെന്നാണു മൊഴി.
ചവിട്ടി വീഴ്ത്തിയതിനെത്തുടർന്നു ഗോപിയുടെ വാരിയെല്ല് ഒടിഞ്ഞു ശ്വാസകോശത്തിലേക്കു കുത്തിക്കയറിയതിനെത്തുടർന്നുണ്ടായ രക്തസ്രാവമാണു മരണകാരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രതിയുടെ മുണ്ട്, ചെരിപ്പ് എന്നിവ പൊലീസിനു സ്ഥലത്തുനിന്നു തെളിവായി ലഭിച്ചിരുന്നു. തിരുവല്ലയിലെ മൂകബധിര വിദ്യാലയത്തിലെ അധ്യാപകരുടെ സഹായത്തോടെയാണു മനോജിന്റെ മൊഴി രേഖപ്പെടുത്തിയത്.