ഒഡീഷയിൽ നിന്ന് ചികിത്സ തേടി 1832 കിലോമീറ്റർ പിന്നിട്ട് കണ്ണൂരിലേക്ക്; വഴിയിൽ മരണം
Mail This Article
കണ്ണൂർ∙ ഒഡീഷയിലെ കേന്ദ്രപാറ ജില്ലാ ആശുപത്രിയിൽ നിന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് ഗൂഗിൾ മാപ്പിൽ പരതുമ്പോൾ കാണുന്നത് മൂന്നു വഴികളാണ്. ഏറ്റവും എളുപ്പമുള്ള വഴി തിരഞ്ഞെടുത്താൽ പോലും ദൂരം 1832 കിലോമീറ്റർ! ഓടേണ്ട സമയം 33 മണിക്കൂർ. എന്നിട്ടും കുടുംബാംഗങ്ങൾ ആ തീരുമാനമെടുത്തു. ശകുന്തള ബെഹ്റയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കണം. ചുമച്ച് ചുമച്ച് രക്തം ഛർദിച്ചു തുടങ്ങിയ 62 വയസ്സുകാരിയെ പരിശോധിച്ച ശേഷം ഒരാഴ്ചയ്ക്കു ശേഷം വരാൻ പറഞ്ഞ ഒഡിഷയിലെ ജില്ലാ ആശുപത്രിയിൽ ശകുന്തളയുടെ രണ്ടു പെൺമക്കൾക്കും അവരുടെ ഭർത്താക്കന്മാർക്കും ഒട്ടും വിശ്വാസമുണ്ടായിരുന്നില്ല.
ഇളയ മകൾ ജ്യോത്സ്ന റാണി നാലാമത്തെ മകൾ ദിവ്യശ്രീക്ക് ജന്മം നൽകിയ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക്, രോഗം വരുമ്പോൾ ജ്യോത്സ്നയും ഭർത്താവ് ദിഗംബറും പേരക്കുട്ടികളും ഓടിയെത്തുന്ന ആതുരാലയത്തിലേക്ക് പോകാൻ ഈ ദൂരമത്രയും താണ്ടാൻ ശകുന്തള ബെഹ്റയ്ക്കും എതിർപ്പുണ്ടായിരുന്നില്ല.
20 വർഷമായി പൊയ്ത്തുംകടവിൽ താമസിച്ച് പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുകയാണ് ശകുന്തളയുടെ മകൾ ജ്യോത്സ്ന റാണിയും ഭർത്താവ് ദിഗംബർ ബെഹ്റയും. മൂന്നു വർഷം മുൻപ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പിറന്ന ഏറ്റവും ഇളയ പേരക്കുട്ടി ദിവ്യശ്രീ പൊയ്ത്തുംകടവിലെ അങ്കണവാടിയിലാണ് പഠിക്കുന്നത്. ദിവ്യശ്രീയുടെ സഹോദരൻ സോമരഞ്ജൻ പൊയ്ത്തുംകടവ് സ്കൂളിൽ അഞ്ചാം ക്ലാസിലേക്ക് ജയിച്ചു. ഇവർക്കെല്ലാം രോഗം വരുമ്പോൾ ഓടിയെത്താറുള്ളത് കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കാണ്. കുടുംബാംഗങ്ങൾക്കെല്ലാം സ്നേഹപൂർണമായ പരിചരണവും സൗജന്യമായി മരുന്നു ലഭിക്കാറുള്ള ആശുപത്രിയിൽ എത്തിയാൽ രോഗം ഭേദപ്പെടുമെന്ന് ഉറപ്പിക്കാൻ ഈ അനുഭവങ്ങൾ ധാരാളമായിരുന്നു അവർക്ക്.
പ്രതീക്ഷയോടെ ബുധനാഴ്ച രാത്രി പത്തരയോടെ ആംബുലൻസ് വിളിച്ച് ഒഡീഷയിൽ നിന്ന് യാത്ര തുടങ്ങി. അറിയാത്ത ഏതൊക്കെയോ വഴികൾ താണ്ടിയുള്ള ഓട്ടം... ആന്ധ്രയും തമിഴ്നാടും കടക്കുമ്പോഴേക്കും രണ്ടു ദിവസം പിന്നിട്ടിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ ശകുന്തളയുടെ ആരോഗ്യനില വഷളായി. വഴിയിൽ ഏതെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള പണവും കയ്യിലില്ല. കണ്ണൂരിലെത്തിയാൽ ജീവൻ രക്ഷിക്കാമെന്ന പ്രതീക്ഷയിൽ പിന്നെയും ഇരുളിനെ കീറിമുറിച്ച് ആംബുലൻസ് കുതിച്ചു. അതിനിടെ എപ്പോഴോ ശകുന്തളയുടെ ഹൃദയമിടിപ്പ് നിലച്ചിരുന്നു. ഇന്നലെ രാവിലെ പത്തരയോടെ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിനു മുന്നിലെത്തുമ്പോഴേക്കും ശരീരം തണുത്തുറഞ്ഞിരുന്നു.
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അസ്വാഭാവിക മരണമായതിനാൽ പൊലീസ് നടപടികൾ പൂർത്തിയാക്കി, പോസ്റ്റ്മോർട്ടം ചെയ്ത ശേഷമേ മൃതദേഹം വിട്ടുനൽകൂ. ആംബുലൻസിന് വാടകയായി ചോദിച്ചത് 60,000 രൂപ. ആശങ്കയോടെ അവർ ഇപ്പോഴും ജില്ലാ ആശുപത്രിക്കു മുന്നിലുണ്ട്.