ബാർ കോഴ: കഴിഞ്ഞ യോഗത്തിലെ തീരുമാനമെന്ന് അനിമോൻ
Mail This Article
തിരുവനന്തപുരം ∙ മദ്യനയത്തിൽ അനുകൂലമായ തീരുമാനങ്ങൾക്കുവേണ്ടി കോഴ കൊടുക്കാനുള്ള തീരുമാനം കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ തന്നെ എടുത്തതാണെന്ന് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശത്തിൽ പറയുന്നു.
സന്ദേശത്തിൽ നിന്ന്:
‘കഴിഞ്ഞ ജനറൽബോഡി യോഗത്തിൽതന്നെ കാര്യങ്ങൾ തീരുമാനിച്ചിരുന്നതാണ്. ഇതുവരെ പിരിക്കേണ്ട തുകയുടെ മൂന്നിലൊന്നു മാത്രമേ സംസ്ഥാനത്താകെ കിട്ടിയിട്ടുള്ളൂ. ഇതു നമ്മൾ കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. അതുകൊണ്ട് രണ്ടരലക്ഷം രൂപ വച്ചു കൊടുക്കാൻ പറ്റുന്നവർ രണ്ടുദിവസത്തിനകം ഗ്രൂപ്പിലിടുക. ആരുടെയും പത്തു പൈസ പോകില്ല. അതിനെല്ലാം കൃത്യമായ കണക്കുണ്ടാകും.
വിശ്വാസമില്ലാത്തവർ അവരുടെ ഇഷ്ടം പോലെ ചെയ്യുക. ഇതൊന്നും കൊടുക്കാതെ എല്ലാ കാര്യങ്ങളും ചെയ്യാമെന്നു പറഞ്ഞു ചില ആളുകൾ വന്നതായി പ്രസിഡന്റ് പറഞ്ഞു. അങ്ങനെയുള്ളവരുടെ കൂടെ അവരു പോവുക. നമ്മൾ സഹകരിച്ചില്ലെങ്കിൽ വലിയ നാശത്തിലേക്കാണു പോകുന്നത്. പണ്ടത്തെ അവസ്ഥ വന്നു കഴിഞ്ഞാൽ അതിനെപ്പറ്റി നമ്മളെല്ലാം ചിന്തിക്കുന്നതു നന്നായിരിക്കും. കൊടുത്തിട്ട് എന്താണു പ്രയോജനമെന്നു ചോദിക്കുന്നവരുണ്ടാകും. എന്നാൽ, എല്ലാവരോടും മറുപടി പറയാൻ കഴിയാത്തതിനാലാണു ഗ്രൂപ്പിലിടുന്നത്’.
അതേസമയം, ഒരു രാഷ്ട്രീയ പാർട്ടിയും സംഘടനയോടു പണം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാറിന്റെ വാദം. വ്യക്തിപരമായി ചിലർ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിവിന് അനുസരിച്ചു കൊടുത്തിട്ടുമുണ്ട്. സംഘടനയിൽനിന്നു സസ്പെൻഡ് ചെയ്യപ്പെടുന്നവർക്ക് എന്തും പറയാമെന്നും അനിമോന്റെ സന്ദേശത്തെ പരാമർശിച്ചു പ്രതികരിച്ചു.
ഇടുക്കി ജില്ലയിൽ സ്പൈസ് ഗ്രോവ് ഹോട്ടൽ മാത്രമാണു പണം നൽകിയതെന്നും അനിമോന്റെ സന്ദേശത്തിലുണ്ട്. എന്നാൽ തങ്ങൾ ആർക്കും പണം നൽകിയിട്ടില്ലെന്ന് സ്പൈസ് ഗ്രോവ് ഹോട്ടൽ എംഡി അരവിന്ദാക്ഷൻ പറഞ്ഞു.