യുവതിയെ അവയവം വിൽക്കാൻ നിർബന്ധിച്ചന്ന് സംശയം
Mail This Article
കണ്ണൂർ∙ പണം നൽകി ആദിവാസി യുവതിയെ അവയവ കച്ചവടത്തിനു പ്രേരിപ്പിച്ച സംഭവം ജില്ലയിലും. ആദിവാസി വീട്ടമ്മ കേളകം പൊലീസിൽ മറ്റൊരു വിഷയത്തിൽ നൽകിയ പരാതിയിൽ വിവരം ശേഖരിക്കുന്നതിനിടെയാണ് പൊലീസിന് ഇതു സംബന്ധിച്ച് സൂചന ലഭിച്ചത്. സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണു പൊലീസ്.
ഭർത്താവും സുഹൃത്തും ചേർന്നു ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായാണു യുവതി സ്റ്റേഷനിലെത്തിയത്. എറണാകുളത്ത് എത്താൻ പറഞ്ഞത് വിസമ്മതിച്ചതിന് മേയ് 15 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ ഭർത്താവ് അസഭ്യം പറയുകയും മണ്ണെണ്ണയൊഴിച്ച് കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണു പരാതി.
കൊച്ചിയിലെ അവയവ തട്ടിപ്പുമായി ബന്ധപ്പെട്ട് യുവതി ഒന്നര വർഷം മുൻപ് ഇരിട്ടി ഡിവൈഎസ്പി, ഡിഐജി, മനുഷ്യാവകാശ കമ്മിഷൻ, പട്ടികവർഗ വകുപ്പ് മേധാവികൾ എന്നിവർക്ക് പരാതി നൽകിയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തന്റെ വൃക്കകൾ അനുമതി ഇല്ലാതെ വിൽക്കാൻ ശ്രമിച്ചുവെന്നാണ് പരാതിപ്പെട്ടത്. യുവതിയുടെ വൃക്ക വിൽക്കുന്നതിനായി ഭർത്താവും അയാളുടെ സുഹൃത്തും ചേർന്ന് കൊച്ചിയിലേക്കു വിളിച്ചു വരുത്തിയെന്നും വിസമ്മതിച്ചതിനെ തുടർന്നു തടഞ്ഞു വയ്ക്കാൻ ശ്രമിച്ചുവെന്നും പരാതിയുണ്ടായിരുന്നു.