ADVERTISEMENT

കൊച്ചി∙ വൃക്ക നൽകിയതിന്റെ പ്രതിഫലം ആവശ്യപ്പെട്ട യുവതി ലൈംഗിക പീഡനവും നേരിട്ടു. ശസ്ത്രക്രിയയ്ക്കു ശേഷം ഏജന്റിനോട് മുഴുവൻ തുക ആവശ്യപ്പെട്ട യുവതിയോട് ലോഡ്ജിലേക്കു വരാൻ പറഞ്ഞ ഏജന്റ് ലൈംഗികമായി പീഡിപ്പിച്ചെന്നു യുവതി പറഞ്ഞു. പിന്നീട് ഫോട്ടോകൾ കാണിച്ച് ഭീഷണി തുടർന്നു. അവയവദാനത്തിനായി കൂടുതൽ പേരെ സംഘടിപ്പിച്ചു നൽകാൻ ആവശ്യപ്പെട്ടെന്നും യുവതി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.

എന്നും കാണുന്ന ആളായതിനാൽ ബാക്കി തുക ആവശ്യം വരുമ്പോൾ ചോദിക്കാമല്ലോ എന്നു കരുതി. തന്നെയും റാക്കറ്റിന്റെ കുരുക്കിലാക്കുകയാണെന്ന് മനസ്സിലായപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ പൊലീസ് ഏജന്റിന് ഒപ്പമായിരുന്നു– യുവതി ആരോപിച്ചു. അവയവ കച്ചവട തട്ടിപ്പിന് ഇരയായ യുവതി റാക്കറ്റിന്റെ കണ്ണിയായ ഇടനിലക്കാരനെതിരെ 2 മാസം മുൻപു സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരുന്നു. റാക്കറ്റിന്റെ വധഭീഷണി കാരണം 2 ദിവസത്തിനു ശേഷം പോസ്റ്റ് പിൻവലിക്കേണ്ടിവന്നു.

ഇടനിലക്കാരന്റെ ചിത്രം അടക്കം യുവതിയിട്ട പോസ്റ്റ് ഇങ്ങനെയാണ്: ‘ഇയാൾ കൊള്ളനടത്തുന്നവനാണ്. ഈ പോസ്റ്റ് ഇട്ടതിന്റെപേരിൽ എന്നെ കൊല്ലുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇയാൾ 25 ലക്ഷം രൂപ ഒരു പേഷ്യന്റിന്റെ കയ്യിൽ നിന്നു വാങ്ങിയാണു കിഡ്നി ഡൊണേറ്റ് ചെയ്യിപ്പിക്കുന്നത്. എന്നിട്ട് കിഡ്നി കൊടുക്കാൻ വരുന്നവർക്ക് എന്തെങ്കിലും കൊടുക്കും അത്രേയുള്ളു. പരാതി പറയാൻ പോയാൽ പരാതിക്കാരെ തന്നെ അകത്താക്കുമെന്നു പേടിച്ച് ആരും ഇയാൾക്കെതിരെ തുനിയില്ല. അതാണ് സത്യം. ഇനി എന്റെ അവസ്ഥ എന്താകുമെന്ന് അറിയില്ല. എന്റെ മരണത്തിന് ഉത്തരവാദി ഇവരായിരിക്കും’. യുവതിയുടെ പരാതിയിൽ  അന്വേഷണം നടക്കുന്നതായി പനങ്ങാട് പൊലീസ് അറിയിച്ചു. ഏജന്റിനെതിരെ പീഡനക്കേസും റജിസ്റ്റർ ചെയ്തിട്ടുണ്ട്. 

തട്ടിപ്പിന്റെ വഴി

റാക്കറ്റിൽപ്പെട്ടവർ പരിചയം സ്ഥാപിക്കും. പണത്തിന് ആവശ്യമുള്ളവരെ അവയവം ദാനം ചെയ്യാൻ പ്രേരിപ്പിക്കും. വ്യാജരേഖ തയാറാക്കുന്നതുൾപ്പെടെ ഏജന്റ് ചെയ്യും. ശസ്ത്രക്രിയയ്ക്ക് അനുമതി നൽകുന്ന കമ്മിറ്റിക്കു മുൻപിൽ രോഗിയുടെ ബന്ധുവാണെന്നു പറയണം. ഇക്കാര്യങ്ങൾ പഠിപ്പിക്കും.

ശസ്ത്രക്രിയയ്ക്കു മുൻപോ ശേഷമോ കുറച്ചു തുക നൽകും. അധികതുക അക്കൗണ്ടിലോ കയ്യിൽ വന്നാൽ അധികൃതർ പിടിക്കുമെന്നു ഭയപ്പെടുത്തിയാണ് മുഴുവൻ തുക നൽകാതെ പറ്റിക്കുന്നത്. 

English Summary:

young woman who demanded reward for donating her kidney also faced sexual harassment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com