ബാർ കോഴ: രണ്ടാഴ്ച മുൻപേ മുഖ്യമന്ത്രിക്ക് പരാതി; വിജിലൻസ് അന്വേഷണവും തുടങ്ങി
Mail This Article
തിരുവനന്തപുരം ∙ ശബ്ദസന്ദേശം പുറത്തുവന്നതു കഴിഞ്ഞദിവസമാണെങ്കിലും മുഖ്യമന്ത്രിക്കും വിജിലൻസ് ഡയറക്ടർക്കും ഇതേ വിഷയത്തിൽ രണ്ടാഴ്ച മുൻപു പരാതി ലഭിച്ചിരുന്നു. വിജിലൻസ് പ്രാഥമികാന്വേഷണവും തുടങ്ങി. ബാർ ഉടമകളുടെ സംഘടനാ നേതാവ് വി.സുനിൽകുമാറിനോടു മൊഴിയെടുക്കുന്നതിനു ഹാജരാകാനും നിർദേശിച്ചു. ഇക്കാര്യം സുനിൽകുമാർ ‘മനോരമ’യോടു സ്ഥിരീകരിച്ചു.
രണ്ടു പരാതികളാണു മുഖ്യമന്ത്രിക്കും വിജിലൻസ് ഡയറക്ടർക്കും ലഭിച്ചത്. കെട്ടിടനിർമാണ ഫണ്ട് എന്ന പേരിൽ ബാർ ഉടമകളിൽനിന്ന് ഒരു ലക്ഷം രൂപ വീതം പിരിച്ച്, ഈ തുക പ്രസിഡന്റ് കൈക്കലാക്കിയെന്നായിരുന്നു ഒരു പരാതി. ഒന്നാം തീയതിയിലെ ഡ്രൈഡേ നിർത്തലാക്കാൻ സർക്കാരിനു കൈക്കൂലി കൊടുക്കാനായി പണം പിരിക്കുന്നുവെന്നായിരുന്നു രണ്ടാമത്തെ പരാതി. മദ്യനയത്തിൽ ഡ്രൈ ഡേ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാറ്റം വരുത്താൻ പണം പിരിക്കുന്ന കാര്യമാണ് അനിമോന്റെ ശബ്ദസന്ദേശത്തിലും പറയുന്നത്.പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് ഒരാലോചനയും സർക്കാർ നടത്തിയിട്ടില്ലെന്നാണ് മന്ത്രി എം.ബി.രാജേഷിന്റെ വാദമെങ്കിലും വസ്തുത അതല്ല. ടൂറിസം മന്ത്രിയും വകുപ്പുമായി ബന്ധപ്പെട്ട് ബാർ ഉടമകൾ ചർച്ച നടത്തിയിരുന്നു. പുതിയ മദ്യനയം വരുമ്പോൾ ഡ്രൈ ഡേ ഒഴിവാക്കണം, ബാർ പ്രവർത്തനസമയം രാത്രി 12 വരെയാക്കണം എന്നീ ആവശ്യങ്ങളുന്നയിച്ച് എക്സൈസ്, ടൂറിസം മന്ത്രിമാർക്കു ബാർ ഉടമകളുടെ സംഘടന കത്തു നൽകിയിരുന്നു. ടൂറിസം മന്ത്രിക്കു നൽകിയ കത്തിൽ നടപടിയുമുണ്ടായി. ടൂറിസം സെക്രട്ടറിയുടെ റിപ്പോർട്ട് ആവശ്യപ്പെട്ടതിനു പുറമേ, ടൂറിസം ഡയറക്ടർ 2 ദിവസം മുൻപു ബാറുടമകൾ ഉൾപ്പെടെയുള്ളവരുടെ യോഗം ഓൺലൈനായി വിളിച്ചുചേർക്കുകയും ചെയ്തു. മദ്യനയത്തിൽ ടൂറിസം മേഖലയ്ക്ക് അനുകൂലമായി വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചായിരുന്നു ചർച്ച.നിലവിൽ രാത്രി 11 വരെയാണു ബാർ സമയം. ഐടി പാർക്കുകളിൽ രാത്രി 12 വരെ മദ്യം വിളമ്പാനുള്ള ചട്ടഭേദഗതിയാണു സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ബാറുകളിലെ പ്രവർത്തനസമയം 12 വരെയാക്കുന്നതിനു മുന്നോടിയായാണ് ഈ നീക്കം.
ബാറുകൾ 920
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഏറ്റവുമധികം ബാറുകൾ (720) ഉണ്ടായിരുന്നത് 2013–14ലായിരുന്നു. ഇപ്പോൾ ബാറുകൾ 920. മദ്യനയത്തിന്റെ ഭാഗമായി ബാറുകൾ കൂട്ടത്തോടെ അടച്ചുപൂട്ടി യുഡിഎഫ് സർക്കാർ അധികാരമൊഴിയുമ്പോൾ 29 പഞ്ചനക്ഷത്ര ബാറുകൾ മാത്രമായിരുന്നു. പൂട്ടിയ 482 ബാറുകൾക്കു ലൈസൻസ് നൽകിയതിനു പുറമേ, 409 പുതിയ ലൈസൻസ് കഴിഞ്ഞ എട്ടു വർഷത്തിനിടെ നൽകി.