കേരളത്തിനു 18,253 കോടി കൂടി കടമെടുക്കാൻ അനുമതി
Mail This Article
തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന് ഇൗ വർഷം 18,253 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ഇൗ വർഷം ഇതുവരെ കടമെടുത്ത 3,000 കോടി രൂപയ്ക്കു പുറമേയാണിത്. ഇതോടെ കടമെടുപ്പിന് അനുമതി കിട്ടിയ ആകെ തുക 21,253 കോടി രൂപയായി. ഇൗ വർഷം ആകെ 37,512 കോടി രൂപയാണു കേരളത്തിനു കടമെടുക്കാൻ കഴിയുകയെന്ന് ഏപ്രിൽ ആദ്യവാരം തന്നെ കേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അനുമതി നൽകിയത് അതിനെക്കാൾ 16,253 കോടി കുറച്ചുള്ള തുകയായതിനാൽ വ്യക്തത തേടി സംസ്ഥാനം കത്തയയ്ക്കും.
ഡിസംബർ വരെ നിശ്ചിത തുക അനുവദിച്ച ശേഷം അവസാനത്തെ 3 മാസത്തേക്ക് ബാക്കിയുള്ള തുക മറ്റു വെട്ടിക്കുറവുകൾക്കു ശേഷം അനുവദിക്കുന്ന പതിവുണ്ട്. അതിനാൽ, ഡിസംബർ വരെയാണോ മാർച്ചു വരെയാണോ 21,253 കോടി രൂപ കടമെടുക്കാൻ കഴിയുക എന്നു കേന്ദ്രത്തോടു വ്യക്തത തേടാനാണു സംസ്ഥാനത്തിന്റെ തീരുമാനം.
കടമെടുപ്പിന് അനുമതി തേടി 2 വട്ടം സംസ്ഥാന സർക്കാർ കത്തയച്ചതിനു പിന്നാലെയാണ് ഇപ്പോൾ കേന്ദ്രത്തിന്റെ അറിയിപ്പു വന്നത്. ഇതിനു പിന്നാലെ ഇൗ മാസം 28ന് 3,500 കോടി രൂപ റിസർവ് ബാങ്ക് വഴി കടപ്പത്രമിറക്കി സമാഹരിക്കാൻ സർക്കാർ തീരുമാനിച്ചു. 12 വർഷത്തെ തിരിച്ചടവു കാലാവധിയിൽ 2,000 കോടി രൂപയും 31 വർഷത്തേക്ക് 1,500 കോടി രൂപയുമാണു കടമെടുക്കുക.
ഓരോ പാദത്തിലും കടമെടുക്കാൻ കേന്ദ്രസർക്കാർ പ്രത്യേകം അനുമതി നൽകിയാൽ മാത്രമേ റിസർവ് ബാങ്ക് വഴിയുള്ള കടമെടുപ്പു സാധ്യമാകൂ. കേന്ദ്രസർക്കാരിന്റെ അനുമതിയോടെ 44,528 കോടിയാണ് ഇൗ വർഷം സംസ്ഥാന സർക്കാർ കടമെടുക്കാൻ ഉദ്ദേശിച്ചിരുന്നത്.
ഇൗ തുകയാണ് ബജറ്റിൽ കടമെടുപ്പ് വരവായി ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ നിന്ന് 7,016 കോടി രൂപ കുറച്ചാണ് കേന്ദ്രം നിശ്ചയിച്ചത്. ഇതിനു പുറമേ 12,000 കോടി രൂപയെങ്കിലും കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും വായ്പ ഇനത്തിലും പ്രോവിഡന്റ് ഫണ്ട് നിക്ഷേപ ഇനത്തിലും വെട്ടിക്കുറയ്ക്കാനാണു സാധ്യത.