‘അവയവ കച്ചവടക്കാരിൽനിന്ന് രക്ഷപ്പെട്ടത് അവസാന നിമിഷം’: വെളിപ്പെടുത്തലുമായി കേളകം സ്വദേശിനി
Mail This Article
കണ്ണൂർ ∙ വീട്ടമ്മയായ ആദിവാസി യുവതിക്കു വൃക്ക കച്ചവടത്തിന്റെ ഇടനിലക്കാരൻ വാഗ്ദാനം ചെയ്തത് 9 ലക്ഷം രൂപ. ഒന്നര വർഷം മുൻപാണു യുവതിയുടെ വൃക്ക തട്ടിയെടുക്കാൻ ഭർത്താവും ഏജന്റും ചേർന്നു ശ്രമം തുടങ്ങിയത്. അതിനു വിസമ്മതിച്ചപ്പോൾ ഭർത്താവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നു തെറ്റിദ്ധരിപ്പിച്ച് കഴിഞ്ഞ 14ന് കൊച്ചിയിലെത്തിച്ചുവെന്നും വൃക്ക എടുക്കുന്നതിനു മുൻപുള്ള പരിശോധനകളെല്ലാം പൂർത്തിയാക്കിയെന്നും യുവതി മൊഴിനൽകി. 15നാണു ശസ്ത്രക്രിയ നിശ്ചയിച്ചത്. എന്നാൽ, നാട്ടിലെ സുഹൃത്തുക്കളെ അറിയിച്ച് അവരുടെ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നുവെന്നു നെടുംപൊയിൽ സ്വദേശിനി പറയുന്നു.
വൃക്ക തട്ടിയെടുക്കാനുള്ള ശ്രമത്തെ എതിർത്തതോടെ ഭർത്താവ് വീട്ടിൽ വരാതായെന്നും ഇടയ്ക്ക് എത്തി ഭീഷണി തുടരുകയാണെന്നും യുവതി പറയുന്നു. ഭർത്താവിനും ഏജന്റിനും എതിരെ കഴിഞ്ഞദിവസം യുവതി കേളകം പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പേരാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ഭർത്താവ് 2014 ൽ 6 ലക്ഷം രൂപയ്ക്ക് വൃക്ക വിറ്റയാളാണെന്നും യുവതി ആരോപിക്കുന്നു. വൃക്ക തട്ടിയെടുക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകളൊന്നും എഫ്ഐആറിൽ ചേർത്തിട്ടില്ല.