അനുമതിയില്ലാതെ അവയവദാനം: പൊലീസും അങ്കലാപ്പിൽ
Mail This Article
അമ്പലപ്പുഴ ∙ പൊലീസിന്റെ ക്ലിയറൻസ് കിട്ടാതെ അവയവദാനം നടക്കുന്നത് പൊലീസിനെയും അങ്കലാപ്പിലാക്കുന്നു. സ്വകാര്യ ആശുപത്രികളിൽ പൊലീസ് ക്ലിയറൻസും മെഡിക്കൽ ബോർഡിന്റെ അനുമതിയും ഇല്ലാതെ അവയവദാനം നടക്കുന്നത് ജില്ലയിലെ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ തീരദേശത്തിനു പുറമേ കരുമാടിയിലും തകഴി പഞ്ചായത്തിലെ കുന്നുമ്മ, പടഹാരം എന്നിവിടങ്ങളിലുമായി 2 വർഷത്തിനിടെ 3 പേർ അവയവദാനം നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരം. അവയവദാനം നടത്തിയവർ പിന്നീട് കടബാധ്യതകൾ തീർത്ത് വീടും സ്ഥലവും വിറ്റു പോവുകയും ചെയ്തു.
25നും 35നും ഇടയിൽ പ്രായമുള്ളവരെ സമീപിച്ച ശേഷം ഇടനിലക്കാർ തന്നെ സർട്ടിഫിക്കറ്റുകൾ തയാറാക്കി ദാതാവുമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു പോകുകയാണു പതിവെന്നാണ് പൊലീസിനു ലഭിച്ച വിവരം. പരാതികൾ ഇല്ലാത്തതിനാൽ കേസെടുക്കാനും ആകുന്നില്ല.
കഴിഞ്ഞ മാർച്ചിൽ അമ്പലപ്പുഴയിലെ തീരദേശവാസിയായ വീട്ടമ്മ അമ്പലപ്പുഴ പൊലീസിൽ അപേക്ഷയുമായി എത്തി. കൊല്ലം സ്വദേശിക്കു അവയവദാനത്തിനായിരുന്നു അപേക്ഷ. അന്വേഷണത്തിൽ അവർ പറഞ്ഞതിൽ വാസ്തവം ഇല്ലെന്ന് മനസ്സിലാക്കിയ പൊലീസ് അപേക്ഷ നിരസിച്ചു. എന്നാൽ പൊലീസിൽ അപേക്ഷ പോലും നൽകാതെ അവയവദാനം നടക്കുന്നുവെന്നത് പൊലീസിനെയും അതിശയിപ്പിക്കുന്നു.