എസ്എസ്എൽസി മിനിമം മാർക്ക്: ഇടതു സംഘടനകൾ എതിർത്തു; ആഞ്ഞടിച്ച് മന്ത്രി വി. ശിവൻകുട്ടി
Mail This Article
തിരുവനന്തപുരം∙ എസ്എസ്എൽസി ജയിക്കാൻ എഴുത്തു പരീക്ഷയിൽ 30% മിനിമം മാർക്ക് നിർബന്ധമാക്കുന്നതിനെ എതിർത്ത് സിപിഎം പക്ഷത്തെ മൂന്നു സംഘടനകൾ രംഗത്തു വന്നെങ്കിലും അവഗണിക്കാനുറച്ച് സർക്കാർ. സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പരിഷ്കാരങ്ങളുമായി മുന്നോട്ടു പോകുമെന്നു മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. പ്രതിപക്ഷ അധ്യാപക സംഘടനകളും കരിക്കുലം കമ്മിറ്റി അംഗങ്ങളും വിദ്യാഭ്യാസ വിദഗ്ധരും സർക്കാർ നീക്കത്തെ പിന്തുണച്ചു. വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച കോൺക്ലേവിലാണ് ചേരിതിരിവ് പ്രകടമായത്.
സാമൂഹിക, സാമ്പത്തിക പിന്നാക്കവസ്ഥയിലുള്ളവരാവും തോൽക്കുന്ന ഗണത്തിൽ ഉൾപ്പെടുകയെന്നായിരുന്നു കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി കെ.ബദറുന്നിസയുടെ വാദം. കുട്ടികളെ ചേർത്തു പിടിക്കുന്ന സംവിധാനം വേണ്ടെന്നു വയ്ക്കുന്നത് അപകടമാണെന്നു ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധി ഒ.എം.ശങ്കരൻ പറഞ്ഞു. കുട്ടികളെ തോൽപിച്ച് വിദ്യാഭ്യാസ സംവിധാനത്തിൽ നിന്ന് പുറത്താക്കുന്നതിനോടു വിയോജിപ്പാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ പറഞ്ഞു. എന്നാൽ ഒരു കുട്ടിയെ പോലും മാറ്റി നിർത്തലോ മനഃപൂർവം തോൽപിക്കലോ സർക്കാരിന്റെ നയമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾക്കെതിരെ മന്ത്രി വി.ശിവൻകുട്ടി ആഞ്ഞടിച്ചത്.
‘ദേശീയ പരീക്ഷകളിൽ നമ്മുടെ കുട്ടികൾ പിന്നിൽ’
‘ദേശീയ പരീക്ഷകളിൽ നമ്മുടെ കുട്ടികൾ പിന്നോട്ടാണ്. പരീക്ഷ ജയിക്കാൻ മാർക്ക് തന്നെ വേണം.വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്താനുള്ള ശ്രമങ്ങളെ പട്ടികവിഭാഗക്കാരുടെയും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരുടെയും കാര്യം പറഞ്ഞു ദുർബലപ്പെടുത്താനാകില്ല. ഈ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ നന്നായി അറിയുന്നവരാണ് ഭരിക്കുന്നത് . പഠന നിലവാരം മെച്ചപ്പെടുത്തുന്നതിൽ മുഖ്യപങ്ക് അധ്യാപകർക്കാണ്. അവരുടെ പ്രകടനവും വിലയിരുത്തപ്പെടണം. കോൺക്ലേവിലെ അഭിപ്രായങ്ങൾ കരിക്കുലം കമ്മിറ്റി ചർച്ച ചെയ്യും. മുഖ്യമന്ത്രിക്കും സമർപ്പിക്കും’ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.