ബാർക്കോഴ: മന്ത്രിമാരുടെ വിശദീകരണം പൊളിഞ്ഞു; തളർന്ന പ്രതിരോധം, രാഷ്ട്രീയ അനിശ്ചിതത്വവും
Mail This Article
തിരുവനന്തപുരം∙ മദ്യനയത്തിൽ ടൂറിസം, എക്സൈസ് വകുപ്പുകൾ വ്യത്യസ്ത വിശദീകരണങ്ങളുമായി പ്രതിരോധത്തിലായതോടെ ഇനി ഇക്കാര്യത്തിൽ വേണ്ടത് സിപിഎമ്മിന്റെയും മുന്നണിയുടെയും രാഷ്ട്രീയ തീരുമാനം. കോഴ വിവാദം കത്തിപ്പടർന്ന സാഹചര്യത്തിൽ അബ്കാരികൾക്ക് അനുകൂലമായ ഏതു തീരുമാനവും അഴിമതി ആരോപണത്തിനു വിശ്വാസ്യത നൽകുമെന്നതിനാൽ അനിശ്ചിതത്വം നിലനിൽക്കുകയും ചെയ്യുന്നു.
മദ്യനയം സംബന്ധിച്ച ആലോചന ജനുവരിയിൽ തന്നെ നടന്നെന്ന വിവരം പുറത്തുവന്നതോടെ നയം ചർച്ച ചെയ്തില്ലെന്ന എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ മറുപടിക്ക് ആയുസ്സുണ്ടായില്ല. നയംമാറ്റത്തിന് അടിത്തറയൊരുക്കാൻ ടൂറിസം വകുപ്പ് യോഗം വിളിച്ചെന്നു വ്യക്തമായതോടെ മന്ത്രി മുഹമ്മദ് റിയാസും പ്രതിരോധത്തിലായി. നടന്നത് പതിവ് യോഗമാണെന്നു വിശദീകരിച്ചെങ്കിലും മദ്യനയച്ചർച്ച മിനിട്സിലുണ്ടായിരുന്നെന്നു വ്യക്തമായതോടെയാണ് ടൂറിസം വകുപ്പിന്റെ വാദം ദുർബലമായത്.
സംസ്ഥാനത്തെ 46 ഫൈവ്സ്റ്റാർ ഹോട്ടലുകൾക്കു മാത്രം ഒന്നാം തീയതിയിലെ ഡ്രൈഡേ ഉൾപ്പെടെയുള്ള മദ്യനയം കൊണ്ട് 120 കോടി രൂപ കഴിഞ്ഞ സാമ്പത്തിക വർഷം നഷ്ടമുണ്ടായെന്നായിരുന്നു കേരള ട്രാവൽ മാർട്ടിന് വേണ്ടി പങ്കെടുത്തവർ നൽകിയ കണക്ക്. മറ്റു ഹോട്ടലുടമാ സംഘടനകളുടെ കൂടി വിവരം ശേഖരിച്ച ശേഷം സർക്കാരിനു റിപ്പോർട്ടു നൽകാനായിരുന്നു ടൂറിസം ഡയറക്ടറുടെ യോഗത്തിന്റെ അന്തിമതീരുമാനം.
ബാർ കോഴ: മൊഴിയെടുക്കൽ തുടർന്ന് അന്വേഷണ സംഘം
തിരുവനന്തപുരം / തൊടുപുഴ ∙ ബാർ കോഴ അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം മൂന്നാറിലും നെടുങ്കണ്ടത്തുമെത്തി ബാറുടമകളുടെ മൊഴി രേഖപ്പെടുത്തി. ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിലാണു മൊഴിയെടുക്കൽ.
മൂന്നാറിൽ പ്രവർത്തിക്കുന്ന ബാർ ഹോട്ടലിൽ ബന്ധപ്പെട്ടെങ്കിലും ഹോട്ടലുടമ, അസോസിയേഷൻ അംഗമല്ലെന്നു കണ്ടെത്തിയതോടെ ക്രൈം ബ്രാഞ്ച് സംഘം നെടുങ്കണ്ടത്തേക്കു പോയി. അണക്കരയിലെ സ്പൈസ് ഗ്രൂവ് ഹോട്ടലുടമയായ അരവിന്ദാക്ഷന്റെ മൊഴി രേഖപ്പെടുത്തി. അനിമോന്റെ ശബ്ദരേഖയിൽ പറഞ്ഞ പണം നൽകിയിട്ടില്ലെന്നാണ് അരവിന്ദാക്ഷന്റെ മൊഴി.
അതേസമയം, കെട്ടിടനിർമാണത്തിനായി മുൻപു പണം നൽകിയിട്ടുണ്ടെന്ന് അരവിന്ദാക്ഷൻ മൊഴി നൽകിയതായാണു സൂചന. അതിനിടെ, ബാർ കോഴ വിവാദവുമായി ബന്ധപ്പെട്ട് ബാറുടമകളുടെ സംഘടനയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തേടി ക്രൈംബ്രാഞ്ച് കത്തു നൽകി.