എക്സാലോജിക്: വിദേശബാങ്കിലേക്ക് പണമൊഴുകി; നിക്ഷേപിച്ചത് പിഡബ്ല്യുസി, എസ്എൻസി ലാവ്‌ലിൻ
Mail This Article
കൊച്ചി ∙ കരിമണൽ കമ്പനിയായ സിഎംആർഎൽ ഉൾപ്പെട്ട പണമിടപാടു കേസിൽ വിദേശബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചു സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം ആരംഭിച്ചു. സിഎംആർഎൽ –എക്സാലോജിക് ഇടപാടിൽ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്ന അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലേക്കു 2 വിദേശ കമ്പനികൾ വൻതുക നിക്ഷേപിച്ചെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
രാജ്യാന്തര കൺസൽറ്റൻസി സ്ഥാപനമായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി), കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്‌ലിൻ എന്നിവയുടെ അക്കൗണ്ടുകളിൽനിന്ന് അബുദാബി ബാങ്ക് അക്കൗണ്ടിലേക്ക് 2016– 19 കാലയളവിൽ പലതവണ പണം നിക്ഷേപിച്ചതായി എസ്എഫ്ഐഒയ്ക്കു വിവരം ലഭിച്ചിരുന്നു. ദുബായിൽ റജിസ്റ്റർ ചെയ്ത സ്വകാര്യ സ്ഥാപനത്തിന്റെ പേരിലുള്ള ഈ സംയുക്ത അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് സ്ഥാപന ഉടമകളായ 2 മലയാളികളാണ്.
ഇ.ഡിക്ക് വിവരംകിട്ടിയത് കിഫ്ബി അന്വേഷണത്തിനിടെ
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കൊച്ചി ഓഫിസിന് ഒരു വർഷം മുൻപ് ഈ വിവരം ലഭിച്ചിരുന്നു. വിദേശ പണം സ്വീകരിച്ചതിൽ ഫെമ ചട്ടലംഘനം ആരോപിക്കപ്പെടുന്ന കിഫ്ബി മസാല ബോണ്ട് കേസിന്റെ അന്വേഷണത്തിനിടയിലാണ് അബുദാബി ബാങ്ക് അക്കൗണ്ട് സംബന്ധിച്ച രഹസ്യവിവരം ഇ.ഡിക്കു ലഭിക്കുന്നത്.
മസാലബോണ്ട് കേസ് അന്വേഷണത്തിനെതിരെ മുൻ മന്ത്രി തോമസ് ഐസക്ക് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കിഫ്ബിയുമായി നേരിട്ടു ബന്ധമില്ലാത്തവരുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തേടുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന വാദം ഉയർത്തിയിരുന്നു. എന്നാൽ, ഈ വ്യക്തികളും കുടുംബാംഗങ്ങളും ആരാണെന്നു വ്യക്തമാക്കിയിരുന്നില്ല.