വാഗമണ്ണിലെ റിസോർട്ട്, കൊച്ചിയിലെ ശുചിമുറി ക്ലീനിങ്, ടിപ്പർ ലോറി, പലിശ; ഫെയ്സലുമായി പൊലീസിനും ‘ഇടപാട്’
Mail This Article
കൊച്ചി/ ആലപ്പുഴ ∙ അങ്കമാലിയിലെ ഗുണ്ടയുടെ വീട്ടിൽ വിരുന്നിനെത്തിയ ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.ജി.സാബു പൊലീസ് സേനയുടെയും സർക്കാരിന്റെയും സൽപേരിനു കളങ്കം ചാർത്തിയെന്നു സസ്പെൻഷൻ ഉത്തരവിൽ രൂക്ഷ വിമർശനം. ജനങ്ങളുടെ സമാധാന ജീവിതം അപകടത്തിലാക്കുന്ന നടപടികൾക്കെതിരെ പൊലീസ് സ്വീകരിക്കുന്ന ശക്തമായ നടപടികളെ ദുർബലമാക്കുന്നതാണു ഡിവൈഎസ്പിയുടെ പ്രവൃത്തിയെന്നും പറയുന്നു.
ഗുണ്ടയും വിവിധ പൊലീസ് സ്റ്റേഷനുകളിലെ കേസുകളിൽ പ്രതിയുമായ തമ്മനം ഫെയ്സലിന്റെ (എം.ജെ.ഫെയ്സൽ) അങ്കമാലിയിലെ വീട്ടിലാണ് എം.ജി.സാബു 3 പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം 26ന് എത്തിയത്. ഇവർ അവിടെ വളരെയധികം സമയം ചെലവഴിച്ചതായും സസ്പെൻഷൻ ഉത്തരവ് സ്ഥിരീകരിച്ചിടുണ്ട്. പൊതുജനങ്ങളെ സംരക്ഷിക്കാൻ ബാധ്യതയുള്ള ഉദ്യോഗസ്ഥൻ ഗുണ്ടകളെ സഹായിക്കുന്നെന്ന ധാരണ പരക്കാൻ ഇടയാക്കുന്നതാണു സാബുവിന്റെ നടപടിയെന്ന് ഉത്തരവിൽ പറയുന്നു. പൊലീസിന്റെ സൽപേരിനു സാബുവിന്റെ പ്രവൃത്തി കളങ്കമുണ്ടാക്കിയെന്നു പ്രഥമദൃഷ്ട്യാ കാണുന്നതിനാലാണു സസ്പെൻഷൻ. എംജി. സാബുവിനെ സസ്പെൻഡ് ചെയ്ത് സർക്കാർ ഉത്തരവ് ഇറങ്ങി.
ഗുണ്ടയായ ഫെയ്സലും പൊലീസ് ഉദ്യോഗസ്ഥനായ സാബുവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെപ്പറ്റി സ്പെഷൽ ബ്രാഞ്ച് വിശദമായി അന്വേഷിക്കുന്നുണ്ട്. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകളും ബിസിനസ് പങ്കാളിത്തവുമുണ്ടായിരുന്നതായാണു പുറത്തുവരുന്ന വിവരം. ഫെയ്സലിന്റെ വാഗമണിലെ റിസോർട്ട്, കൊച്ചിയിലെ ശുചിമുറി ക്ലീനിങ്, ടിപ്പർ ലോറി, പലിശ ഇടപാട് എന്നിവയിൽ പല പൊലീസ് ഉദ്യോഗസ്ഥർക്കും പങ്കാളിത്തമുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.