അലോഷ്യസ് സേവ്യർ സതീശന്റെ വിശ്വസ്തൻ; അണിയറയിൽ സതീശൻ–സുധാകരൻ നിഴൽയുദ്ധം
Mail This Article
തിരുവനന്തപുരം∙ കെഎസ്‌യു തെക്കൻ മേഖലാ ക്യാംപിലെ കൂട്ടത്തല്ലിന്റെ പേരിൽ സംഘടനാ നേതൃത്വത്തിനെതിരെ കെപിസിസി നേതൃത്വത്തിന്റെ നീക്കം. അപമാനകരമായ സംഭവത്തിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനാണ് മുഖ്യ ഉത്തരവാദിത്തമെന്നു ചൂണ്ടിക്കാട്ടി എഐസിസിക്ക് കത്തു നൽകാനാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഒരുങ്ങുന്നത്. എ ഗ്രൂപ്പിന്റെ നോമിനിയായി പ്രസിഡന്റായ അലോഷ്യസ് ഇപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വിശ്വസ്തനാണ്. അലോഷ്യസിനെതിരെയുള്ള സുധാകരന്റെ നീക്കത്തെ ചെറുക്കണമെന്ന വികാരത്തിലാണ് സതീശനും എ ഗ്രൂപ്പും. പരസ്യ പ്രതികരണം വേണ്ടെന്ന് ഇരുകൂട്ടരും തീരുമാനിച്ചിട്ടുണ്ട്.
ക്യാംപിലെ തല്ലിനെക്കുറിച്ചു കെ.സുധാകരൻ നിയോഗിച്ച കെപിസിസിയുടെ അന്വേഷണ സമിതി അന്തിമ റിപ്പോർട്ട് കൈ മാറാനിരിക്കെ കെഎസ്‌യു നേതൃത്വം ബദൽ സമിതിയെ ഇതിനിടെ നിയോഗിച്ചു.
ക്യാംപിന്റെ ഉദ്ഘാടകനായി പ്രതിപക്ഷ നേതാവിനെയാണ് കെഎസ്‌യു ക്ഷണിച്ചത്. സുധാകരനെ പിന്നീട് നേരിട്ടു കണ്ട് ക്ഷണിച്ചെങ്കിലും കെപിസിസി പ്രസിഡന്റിനെ വേണ്ടവിധം പരിഗണിച്ചില്ലെന്ന വിമർശനം സുധാകരന്റെ ക്യാംപിലുണ്ട്. സുധാകരൻ പരിപാടിക്കു പോയില്ല.
അലോഷ്യസ് സേവ്യറിനെതിരെ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിക്കു കത്തു കൊടുക്കാനാണ് സുധാകരന്റെ തീരുമാനമെങ്കിലും കൈമാറിയതായി വിവരമില്ല.