‘16 ലക്ഷം കൈപ്പറ്റി, 8 ലക്ഷം ദാതാവിനു നൽകി, ബാക്കി ഇടനിലക്കാർക്ക്’: അവയവക്കച്ചവടത്തിന് തെളിവായി ശബ്ദരേഖ
Mail This Article
തൃശൂർ ∙ കരൾദാനം ചെയ്തതിന്റെ പേരിൽ ദാതാവും ഇടനിലക്കാരും 8 ലക്ഷം രൂപ വീതം പ്രതിഫലം പറ്റിയെന്നു തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്. കരൾദാതാക്കളുടെ കൂട്ടായ്മയുടെ മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുടെ ഫോൺ സംഭാഷണമാണു പുറത്തുവന്നത്. കരൾ സ്വീകരിച്ചയാളിൽ നിന്നു 16 ലക്ഷം രൂപ താൻ കൈപ്പറ്റിയെന്നും ഇതിൽ 8 ലക്ഷം ദാതാവിനു നൽകിയെന്നും ബാക്കി 8 ലക്ഷം ഇടനിലക്കാർക്കായി വീതിച്ചെന്നും സംഭാഷണത്തിൽ വ്യക്തം. തനിക്കു സ്വന്തം നിലയ്ക്കു ലഭിച്ചതു 2 ലക്ഷം രൂപയാണെന്നും ഇയാൾ പറയുന്നതു കേൾക്കാം.
തൃശൂർ സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവറിൽ നിന്നാണ് ആരോപണവിധേയനും സംഘവും പണം തട്ടിച്ചെടുത്തത്. 50 വയസ്സുകാരനായ ഇദ്ദേഹത്തിന്റെ കരളിന്റെ പ്രവർത്തനം നിലച്ചപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണു ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്. 25 ലക്ഷം രൂപ ചികിത്സയ്ക്കു ചെലവായി.
ഇതിനു പുറമെ 16 ലക്ഷം രൂപ കൂടി ഡ്രൈവറുടെ കുടുംബത്തിൽ നിന്ന് ആരോപണ വിധേയൻ വാങ്ങിയെടുത്തു. ഇതിൽ 8 ലക്ഷം രൂപ താൻ കരൾദാതാവിനു നൽകിയെന്ന് ഇയാൾ ഫോൺ സംഭാഷണത്തിൽ സമ്മതിക്കുന്നുണ്ട്. ‘ഇതിനുള്ളിൽ പല ആൾക്കാർ ഉണ്ടെന്നും അവർക്കൊക്കെ നൽകിയെന്നും’ ആരോപണവിധേയൻ ഫോണിലൂടെ പറയുന്നതു കേൾക്കാം. താൻ 2 ലക്ഷം രൂപയേ എടുത്തിട്ടുള്ളൂവെന്നും ഇയാൾ പറയുന്നുണ്ട്.
എന്നാൽ, കരൾദാതാക്കളുടെ സംഘടനയുടെ തൃശൂർ ജില്ലാ പ്രസിഡന്റ് സ്ഥാനവും സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനവും വഹിച്ചിരുന്നയാൾ അവയവക്കച്ചവടത്തിൽ ഏജന്റായി പ്രവർത്തിച്ചെന്നു വ്യക്തമായതോടെ സംഘടന ഇയാളെ കഴിഞ്ഞ വർഷം പുറത്താക്കി. 2018ൽ കരൾരോഗ ബാധിതനായതിനെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനായി കരൾ സ്വീകരിച്ചയാളാണ് ആരോപണ വിധേയൻ. നാട്ടുകാർ പിരിവെടുത്താണ് അന്നു ചികിത്സാച്ചെലവു വഹിച്ചത്. എന്നാലിപ്പോൾ ഇദ്ദേഹം സാമ്പത്തികമായി ഉയർന്ന നിലയിലാണെന്ന് സൂചനയുണ്ട്.