കാലവർഷക്കെടുതി: തയാറെടുപ്പ് പാളി; വെള്ളക്കെട്ട്, രോഗഭീഷണി ഗുരുതര വെല്ലുവിളി
Mail This Article
തിരുവനന്തപുരം ∙ മഴക്കാലപൂർവ ശുചീകരണവും പിന്നാലെ കാലവർഷക്കെടുതി നേരിടാനുള്ള തയാറെടുപ്പുകളും പാളിയതോടെ വെള്ളക്കെട്ടും അപകടങ്ങളും പകർച്ചവ്യാധി ഭീഷണിയും മൂലം സംസ്ഥാനം ഗുരുതരപ്രതിസന്ധിയിൽ. ദുരന്തനിവാരണത്തിനും ധനസഹായത്തിനുമായി റവന്യു വകുപ്പിന് ഫണ്ട് ഇനിയും നൽകിയിട്ടുമില്ല. റവന്യു, തദ്ദേശ വകുപ്പുകൾ കേന്ദ്രീകൃത കൺട്രോൾ റൂമുകൾ തുറന്നതു മാത്രമാണ് ആകെയുണ്ടായ ഇടപെടൽ.
മഴക്കാലപൂർവ ശുചീകരണം തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയാണ്. 18, 19 തീയതികളിൽ ഇതു നടത്താൻ തീരുമാനിച്ചെങ്കിലും മഴ ശക്തമായതോടെ പാളി. മാർച്ചിൽ തദ്ദേശവകുപ്പ് ഇറക്കിയ ഉത്തരവു പ്രകാരം മേയ് 2നു മുൻപ് ഓടകൾ വൃത്തിയാക്കിയും തോടുകളിലെയും മറ്റും തടസ്സങ്ങൾ നീക്കിയും ശുചീകരണം പൂർത്തിയാക്കേണ്ടതായിരുന്നു.
കാലവർഷം നേരത്തേ എത്തുമെന്ന് ഏപ്രിലിൽത്തന്നെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകിയിരുന്നു. മഴക്കാലത്തിനു മുന്നോടിയായി വലിയ മരക്കൊമ്പുകൾ വെട്ടിമാറ്റാനുള്ള നടപടികൾ പ്രധാന നഗരങ്ങളിൽപോലും റവന്യു വകുപ്പും സ്വീകരിച്ചില്ല. ഇതിനായി മുൻകൂർ പണം വില്ലേജ് തലത്തിൽ അനുവദിച്ചതുമില്ല. മറ്റുതരത്തിൽ ഉദ്യോഗസ്ഥർ പണം സമാഹരിച്ചാണ് ചില ജില്ലകളിലെങ്കിലും പ്രവർത്തനങ്ങൾ നടന്നത്. ആശ്വാസ ധനസഹായത്തിനും ഒരുക്കങ്ങൾക്കുമായി വില്ലേജ് ഓഫിസർമാർക്കു നൽകേണ്ട 25,000 രൂപയും കൈമാറിയില്ല.
അതേസമയം, ദുരന്തനിവാരണ നടപടികളുമായി ബന്ധപ്പെട്ടു യോഗങ്ങൾ ചേരാൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ വിലക്കുണ്ടെന്ന വാദമാണു സർക്കാർ ഉയർത്തുന്നത്. മുഖ്യമന്ത്രി വിളിച്ച സബ് കലക്ടർമാരുടെ യോഗം കമ്മിഷൻ ഇടപെടൽ കാരണം മാറ്റിവച്ചെന്നു പ്രചാരണമുണ്ടായെങ്കിലും ഇത്തരം നീക്കം നടന്നതായി മുഖ്യമന്ത്രിയുടെ ഓഫിസോ റവന്യു വകുപ്പോ സ്ഥിരീകരിച്ചിട്ടില്ല.
വെള്ളക്കെട്ട്: തുക അനുവദിച്ചു; കിട്ടാൻ വൈകും
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾക്ക് നഗരങ്ങളിലെ വെള്ളക്കെട്ട് നേരിടാൻ ഒരു കോടി രൂപ വീതം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അനുവദിച്ചു. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ വേനൽമഴയിൽത്തന്നെ വെള്ളക്കെട്ടുണ്ടായ ശേഷമാണു തുക അനുവദിച്ചത്. 20നു ചേർന്ന യോഗത്തിന്റെ തീരുമാനപ്രകാരം വ്യാഴാഴ്ച ഉത്തരവിറങ്ങിയെങ്കിലും തുക താഴെത്തട്ടിൽ എത്താൻ രണ്ടാഴ്ചയെടുക്കും.
ക്യാംപുകൾ തുറക്കുന്നതുൾപ്പെടെ മഴക്കാല ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ജില്ലകൾക്ക് ഒരു കോടി രൂപ വീതവും അനുവദിച്ചു. മഴക്കെടുതിയിൽ അപകടങ്ങളും മരണങ്ങളും ഉണ്ടായാൽ ധനസഹായം നൽകാൻ 20 ലക്ഷം രൂപ വീതം വേറെയും അനുവദിച്ചു. കടലാക്രമണം ചെറുക്കാൻ ജിയോട്യൂബ്, ജിയോബാഗ്, മറ്റു താൽക്കാലിക നടപടികൾ എന്നിവയ്ക്കായി 50 ലക്ഷം രൂപ വീതം തീരദേശ ജില്ലകൾക്കു കൈമാറുമെന്ന് ഉത്തരവിലുണ്ട്.