ഡോ.ലീലാവതിയുടെ വീട്ടിലും വെള്ളം കയറി; ഒട്ടേറെ പുസ്തകങ്ങളും രേഖകളും നശിച്ചു
Mail This Article
കളമശേരി ∙ തിരിമുറിയാതെ പെയ്ത കനത്ത മഴയിൽ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി ഡോ.എം.ലീലാവതിയുടെ വീടിനകത്തും വെള്ളം കയറി. ഡോ.ലീലാവതിയെ സമീപത്തു താമസിക്കുന്ന മകൻ വിനയകുമാറിന്റെ വീട്ടിലേക്കു മാറ്റി. ഇരുനില വീടിന്റെ താഴത്തെ നിലയിൽ 2 അടിയോളം വെള്ളം കയറി. എഴുത്തുമുറിയിലും കിടപ്പുമുറിയിലുമെല്ലാം വെള്ളം നിറഞ്ഞു. ഡോ.ലീലാവതി കരുതലോടെ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള പുസ്തകങ്ങളും ടെലിഫോൺ ഡയറക്ടറിയും മറ്റും നനഞ്ഞു കുതിർന്നു. തൃക്കാക്കര പൈപ് ലൈൻ റോഡിലാണു ടീച്ചറുടെ വസതിയായ ‘ഉജ്വൽ.’
-
Also Read
നഴ്സിങ്: 82 കോളജുകളിൽ ഏകജാലക പ്രവേശനം
രണ്ടു ദിവസം മുൻപു വീടിന്റെ പടിക്കെട്ടുവരെ വെള്ളം ഉയർന്നിരുന്നു. മഴ കനക്കുന്നതു കണ്ടതോടെ ഡോ.ലീലാവതിയെ മുകളിലത്തെ നിലയിലേക്കും പിന്നീടു മകന്റെ വീട്ടിലേക്കും മാറ്റുകയായിരുന്നു. പുസ്തകങ്ങൾ നശിച്ചതിൽ അമ്മ അതീവ ദുഃഖത്തിലാണെന്നു മകൻ വിനയകുമാർ പറഞ്ഞു. വെള്ളം കയറി 15 മിനിറ്റിനുള്ളിൽ വീടിനകം നിറഞ്ഞു. ഒരു ഷെൽഫിലെ പുസ്തകങ്ങൾ മുഴുവൻ നനഞ്ഞു. വെള്ളം കയറിയ ശേഷം ഞങ്ങൾ അകത്തേക്കു കയറിയിട്ടില്ല. വെള്ളമൊക്കെ ഇറങ്ങിയ ശേഷം നോക്കിയാലേ എത്രത്തോളം പുസ്തകങ്ങൾ നനഞ്ഞിട്ടുണ്ടെന്നറിയാൻ സാധിക്കൂ. അദ്ദേഹം പറഞ്ഞു.
2018ലെ പ്രളയത്തിൽ ഡോ. ലീലാവതിയുടെ വീട്ടിൽ വെള്ളം കയറിയിരുന്നില്ല. എന്നാൽ 2019 നവംബറിൽ വെള്ളം കയറി. മംഗളൂരുവിൽ മകനോടൊപ്പമായിരുന്നു ആ സമയം ഡോ.ലീലാവതി. സമീപവാസികൾ കുറെ പുസ്തകങ്ങളും മറ്റും എടുത്തു മുകളിലത്തെ നിലയിലേക്കു മാറ്റിയെങ്കിലും കുറെയധികം പുസ്തകങ്ങൾ നശിച്ചുപോയി. വെള്ളക്കെട്ടു ഭീഷണിയുള്ളതിനാൽ പുസ്തകങ്ങളും മറ്റും സൂക്ഷിക്കുന്ന അലമാരകളും മറ്റും ഒരടിയോളം ഉയർത്തി സ്ഥാപിച്ചിരുന്നു.