മാതാവിനെ മർദിച്ചെന്ന് പരാതി; വയോജന കേന്ദ്രം നടത്തിപ്പുകാരൻ അറസ്റ്റിൽ
Mail This Article
മൂവാറ്റുപുഴ∙ വൃദ്ധമാതാപിതാക്കളെ സംരക്ഷിക്കുന്നതിന് വയോജന സംരക്ഷണ കേന്ദ്രം നടത്തുന്ന മുൻ നഗരസഭ കൗൺസിലറെ സ്വന്തം മാതാവിനെ മർദിച്ചെന്ന പരാതിയെ തുടർന്നു പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴയിലെ മുൻ കൗൺസിലർ ബിനീഷ് കുമാറിനെ ആണ് അമ്മയുടെ പരാതിയെ തുടർന്നു പൊലീസ് അറസ്റ്റ് ചെയ്തത്. ഇലക്ട്രിക് വയർ ഉൾപ്പെടെയുള്ള വസ്തുക്കൾ ഉപയോഗിച്ച് മർദിച്ചു എന്ന പരാതിയിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ബിനീഷ് കുമാറിനെ ജാമ്യത്തിൽ വിട്ടു.
മൂവാറ്റുപുഴ നഗരസഭയുടെ വയോജന സംരക്ഷണ കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായിരുന്നു ബിനീഷ് കുമാർ. ഇവിടെ 4 വയോജനങ്ങൾ അജ്ഞാത രോഗം ബാധിച്ചു മരിച്ചതിനെ തുടർന്നു നടന്ന അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ നഗരസഭ ബിനീഷിൽ നിന്നു വയോജന കേന്ദ്രം തിരികെ വാങ്ങി അടച്ചുപൂട്ടിയിരുന്നു. തുടർന്നു മറ്റൊരു പേരിൽ വയോജന സംരക്ഷണ കേന്ദ്രം നടത്തുകയാണ് ബിനീഷ് കുമാർ. അമ്മയ്ക്ക് മനോദൗർബല്യം ഉണ്ടെന്നാണ് ബിനീഷ് കുമാർ പൊലീസിനു നൽകിയിരിക്കുന്ന മൊഴി. ഇതിനു മുൻപും ബിനീഷ് കുമാറിനെതിരെ അമ്മയെ മർദിച്ചതിന്റെ പേരിൽ പരാതി ഉയർന്നിരുന്നു.