കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റിനൽകാൻ വാങ്ങിയതു 2000 രൂപ; റവന്യു ഇൻസ്പെക്ടർ പിടിയിൽ
Mail This Article
പെരിന്തൽമണ്ണ ∙ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റി നൽകുന്നതിനു പണം ആവശ്യപ്പെട്ട പെരിന്തൽമണ്ണ നഗരസഭയിലെ റവന്യു ഇൻസ്പെക്ടറെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. വളാഞ്ചേരി ഇരിമ്പിളിയം മൈലാഞ്ചിപ്പറമ്പിൽ എം.പി.ഉണ്ണിക്കൃഷ്‌ണനെ (50) ആണ് ഇന്നലെ വൈകിട്ടു മലപ്പുറം വിജിലൻസ് ഡിവൈഎഫ്ഐ ഫിറോസ് എം.ഷഫീഖിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
പരാതിക്കാരൻ നൽകിയ 2000 രൂപ വിജിലൻസ് സംഘം ഇയാളിൽനിന്നു കണ്ടെടുത്തു. പെരിന്തൽമണ്ണയിലെ റിട്ട.വെറ്ററിനറി ഡോക്ടർ ഉസ്‌മാന്റെ പരാതിയിലാണു നടപടി. ഇദ്ദേഹത്തിന്റെ മകളുടെ പേരിൽ പെരിന്തൽമണ്ണ മുട്ടുങ്ങലിൽ വാങ്ങിയ സ്ഥലത്തെ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനു നഗരസഭയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ, സ്ഥലം കാണണമെന്നും 2000 രൂപ നൽകണമെന്നും പ്രതി ആവശ്യപ്പെട്ടതായി പറയുന്നു. തുടർന്നാണു പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്.
ഇന്നലെ വൈകിട്ട് ഡോക്ടറുടെ കാറിൽ പോയി സ്ഥലം കണ്ടു മടങ്ങുംവഴി പണം വാങ്ങി. നേരത്തെ വിജിലൻസ് ഫിനോഫ്തലിൻ പൊടി വിതറി നൽകിയ പണമാണു കൈമാറിയത്. കാറിനെ പിന്തുടർന്ന വിജിലൻസ് സംഘം നഗരസഭയിൽ തിരിച്ചെത്തിയ ഉടനെ റവന്യു ഇൻസ്പെക്ടറെ പിടികൂടുകയായിരുന്നു.