പൊലീസ് അക്കാദമിയിലെ ലൈംഗിക അതിക്രമം: ഉദ്യോഗസ്ഥനു സസ്പെൻഷൻ
Mail This Article
തൃശൂർ ∙ കേരള പൊലീസ് അക്കാദമിയിലെ ലൈംഗിക അതിക്രമ പരാതിയിൽ ഉദ്യോഗസ്ഥനു സസ്പെൻഷൻ. വനിതാ ഓഫിസർമാരുടെ നേതൃത്വത്തിലുള്ള അക്കാദമിയുടെ ആഭ്യന്തര പരാതി സമിതി നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരാണെന്നു കണ്ടെത്തിയതോടെയാണ് ഉദ്യോഗസ്ഥനെ അക്കാദമി ഡയറക്ടർ എഡിജിപി പി.വിജയൻ സസ്പെൻഡ് ചെയ്തത്. സമിതിയുടെ റിപ്പോർട്ട് ക്രിമിനൽ നടപടിക്കായി വിയ്യൂർ പൊലീസിനു കൈമാറി. കമൻഡാന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെയാണു നടപടി.
അക്കാദമിയിൽ വനിതാ ഹവിൽദാറെ അപമാനിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മേലുദ്യോഗസ്ഥനെ താൽക്കാലികമായി ചുമതലയിൽ നിന്നു മാറ്റി നിർത്തിയിരുന്നു. ഇതോടൊപ്പം പരാതിക്കാരിയിൽ നിന്നു ഡയറക്ടർ നേരിട്ടു പരാതി എഴുതി വാങ്ങുകയും ചെയ്തിരുന്നു.
ഈ മാസം 18, 22 തീയതികളിലാണു പരാതിക്കിടയാക്കിയ സംഭവം. വൈകിട്ട് 6 മണിയോടെ ജോലി കഴിഞ്ഞു രാമവർമപുരത്തെ ഓഫിസിൽ നിന്നു മടങ്ങിയ വനിതാ ഹവിൽദാറെ കമൻഡാന്റ് തിരികെ ഓഫിസിലേക്കു വിളിച്ചു ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണു പരാതി. തനിക്കു നേരിട്ട ദുരനുഭവം സഹപ്രവർത്തകരോടു വെളിപ്പെടുത്തിയതോടെയാണു സംഭവം പുറത്തറിഞ്ഞത്.