ഡോ.വന്ദന ദാസ് കൊലക്കേസ്: പ്രതിയുടെ വിടുതൽ ഹർജി തള്ളി
Mail This Article
കൊല്ലം∙ കൊട്ടാരക്കര ഗവ. ആശുപത്രിയിൽ ഹൗസ് സർജൻ ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ പ്രതിഭാഗം ഫയൽ ചെയ്ത വിടുതൽ ഹർജി കോടതി തള്ളി. പ്രതി കൊട്ടാരക്കര കുടവട്ടൂർ ചെറുകരകോണം സ്വദേശി സന്ദീപിനെതിരെ കൊലപാതകം, വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണത്തിനു തടസ്സം സൃഷ്ടിക്കുക തുടങ്ങിയവ ഉൾപ്പെടെ പ്രോസിക്യൂഷൻ ആരോപിച്ച എല്ലാ കുറ്റങ്ങളും നിലനിൽക്കുമെന്നു കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് വിധിച്ചു.
കുറ്റപത്രം വായിച്ചു കേൾക്കാൻ ജൂൺ ആറിനു പ്രതിയെ നേരിട്ടു ഹാജരാക്കാനും ഉത്തരവിട്ടു. സന്ദീപിനു മാനസിക ദൗർബല്യമുള്ളതു കൊണ്ടു കുറ്റവിമുക്തനാക്കണമെന്നും കൊലപാതകം ചെയ്തതിനു സാക്ഷികൾ ഇല്ല എന്നുമുള്ള വാദമാണു പ്രതിഭാഗം കോടതിയിൽ ഉയർത്തിയത്.
പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണു വിടുതൽ ഹർജി പരിഗണിക്കുമ്പോൾ വിചാരണ കോടതി തീരുമാനമെടുക്കേണ്ടത് എന്ന 2023 ലെ സുപ്രീംകോടതി വിധി ഈ കേസിനു ബാധകമാണെന്നു സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ്.ജി.പടിക്കൽ വാദിച്ചു. വിടുതൽ ഹർജി പരിഗണിക്കുമ്പോൾ ഏതെങ്കിലും തരത്തിലുള്ള തെളിവ് ഹാജരാക്കാൻ പ്രതിക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി.
കൃത്യമായ ഉദ്ദേശ്യത്തോടെയും തയാറെടുപ്പോടെയും നടത്തിയ നിഷ്ഠൂരമായ ആക്രമണമാണു ഡോ.വന്ദനയ്ക്കു നേരെയുണ്ടായത്. പ്രതിക്കെതിരെ കൊലപാതകവും കൊലപാതക ശ്രമവും ഉൾപ്പെടെയുള്ള വകുപ്പുകൾ നിലനിൽക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ആശുപത്രിയിലെ ഡ്രസിങ് മുറിയിൽ മനഃപൂർവം ബഹളമുണ്ടാക്കിയതും അതിനിടയിൽ കത്രിക കൈക്കലാക്കി ഒളിപ്പിച്ചതും ആക്രമിക്കപ്പെട്ടവരുടെ എല്ലാം ശരീരത്തിന്റെ പ്രധാന ഭാഗങ്ങളിൽ പലതവണ മുറിവേൽപ്പിച്ചതും പ്രതിയുടെ ക്രൂരത വെളിവാക്കുന്നു.
വന്ദനയുടെ കൈകൾ പിടിച്ചു ബലമായി ഇരുത്തി 26 തവണ നെഞ്ചത്തും മുഖത്തും മറ്റും കുത്തിപ്പരുക്കേൽപ്പിച്ചതു കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ്. പ്രതിക്കു മാനസിക ദൗർബല്യമില്ലെന്നും കൊലപാതകത്തിനു ശേഷമുള്ള പ്രവൃത്തികൾ അതു തെളിയിക്കുന്നെന്നും വാദിച്ചു.
കഴിഞ്ഞ വർഷം മേയ് 10നു പുലർച്ചെയാണു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഡോ.വന്ദന ദാസ് കൊല്ലപ്പെട്ടത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡ്വ.പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണു ഹാജരാകുന്നത്.