തുണി കഴുകുമ്പോൾ ആറ്റിൽ വീണു, ഒഴുകിയത് 10 കി.മീ; വള്ളിയിലുടക്കി, വീട്ടമ്മയ്ക്കു രണ്ടാം ജന്മം
Mail This Article
പുത്തൂർ (കൊല്ലം) ∙ തുണിയലക്കുന്നതിനിടെ കാൽവഴുതി കല്ലടയാറ്റിൽ വീണ വീട്ടമ്മ ഒഴുകിപ്പോയത് 10 കിലോമീറ്ററോളം. വള്ളിപ്പടർപ്പിൽ തടഞ്ഞുനിന്ന അവരുടെ നിലവിളി പരിസരവാസികൾ കേട്ടതോടെ കുളക്കട കിഴക്ക് മനോജ് ഭവനിൽ ശ്യാമളയമ്മ (64) രണ്ടാം ജന്മത്തിലേക്കു കരതൊട്ടു.
ഇന്നലെ വീടിനു സമീപത്തെ കടവിൽ തുണി കഴുകാൻ എത്തിയപ്പോൾ കാൽ വഴുതി ആറ്റിൽ വീഴുകയായിരുന്നു എന്നാണ് ശ്യാമളയമ്മ പിന്നീടു പറഞ്ഞത്. നീന്തൽ അറിയില്ലായിരുന്നു. ആറ്റിലെ ജലനിരപ്പ് ഉയർന്നിരുന്നതിനാൽ ഒഴുക്കും ശക്തമായിരുന്നു. മലർന്നു കിടന്ന നിലയിൽ ഒഴുക്കിൽപ്പെട്ട ശ്യാമളയമ്മ ചെട്ടിയാരഴികത്ത്, ഞാങ്കടവ്, കുന്നത്തൂർ പാലങ്ങളും പിന്നിട്ട് താഴേക്ക് ഒഴുകിപ്പോകുകയായിരുന്നു. കുന്നത്തൂർ പാലത്തിനു മുകളിൽ നിന്ന ചിലർ ഇവർ ഒഴുകിപ്പോകുന്നത് കണ്ടു ദൃശ്യം പകർത്തിയെങ്കിലും ജീവനുണ്ടെന്നു കരുതിയില്ല.
ഉച്ചയ്ക്ക് ഒന്നരയോടെ ചെറുപൊയ്ക മംഗലശേരി കടവിനു സമീപത്തുനിന്നു നിലവിളി കേട്ടു നോക്കിയ പരിസരവാസികളായ ദീപയും സൗമ്യയുമാണു വള്ളിപ്പടർപ്പിൽ പിടിച്ചുകിടക്കുന്ന ശ്യാമളയമ്മയെ കണ്ടത്. ഇവരാണ് നാട്ടുകാരെ വിളിച്ചുകൂട്ടിയതും പൊലീസിൽ അറിയിച്ചതും. നാട്ടുകാർ വഞ്ചിയിറക്കി കരയ്ക്ക് എത്തിച്ചു. അഗാധമായ കയമുള്ള ഉരുളുമല ഭാഗത്താണു ശ്യാമളയമ്മ വള്ളിയിൽ തങ്ങിനിന്നത്. കുഴപ്പങ്ങളൊന്നുമില്ലെന്നാണ് ആശുപത്രിയിലെ പ്രാഥമിക പരിശോധനയിൽ കണ്ടത്.