ADVERTISEMENT

തിരുവനന്തപുരം ∙ വിവാദ ശബ്ദരേഖയിലെ കോഴ ആരോപണം സംഘടനാ നേതാവ് അനിമോനു പുറമേ മറ്റു ബാറുടമകളും നിഷേധിച്ചതോടെ, സർക്കാർ ആഗ്രഹിച്ച രീതിയിൽ ഗൂഢാലോചനയിലേക്കു മാത്രമായി അന്വേഷണം ഒതുങ്ങും. ശബ്ദസന്ദേശം തയാറാക്കിയതിലും പ്രചരിപ്പിച്ചതിലും ഗൂഢാലോചനയുണ്ടോ എന്നാണ് അന്വേഷിക്കുക. ഇതിന്റെ ഭാഗമായി അനിമോന്റെ ഫോൺകോൾ രേഖകളിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന തുടങ്ങി. ആരോപണമുന്നയിച്ചു ബാറുടമകളുടെ ഗ്രൂപ്പിൽ ശബ്ദരേഖ പോസ്റ്റ് ചെയ്തതിനു മുൻപുള്ള ദിവസങ്ങളിൽ അനിമോനെ ആരെല്ലാം വിളിച്ചെന്നാണ് അന്വേഷിക്കുന്നത്. കോഴ ആവശ്യപ്പെട്ടതിനോ കൊടുക്കാൻ തീരുമാനിച്ചതിനോ തെളിവില്ലെന്ന നിഗമനത്തിലാണ് ഇപ്പോൾ അന്വേഷണ സംഘം. 

അനിമോൻ, ഇടുക്കി ജില്ലയിലെ ബാറുടമകളുടെ ഗ്രൂപ്പിലുള്ള പത്തിലധികം അംഗങ്ങൾ എന്നിവരിൽനിന്നു ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തിരുന്നു. ശബ്ദരേഖ തന്റേതാണെന്നു സ്ഥിരീകരിച്ച അനിമോൻ, സംഘടനാ വിഷയങ്ങളുടെ പേരിലാണ് അങ്ങനെയൊരു സന്ദേശം ഗ്രൂപ്പിലിട്ടതെന്നു മൊഴി നൽകി. അനിമോന്റെ ശബ്ദസന്ദേശം കേട്ടതല്ലാതെ കോഴ ആരോപണം അറിയില്ലെന്നാണു ജില്ലയിലെ മറ്റു ബാറുടമകളുടെയെല്ലാം മൊഴി. കെട്ടിട ഫണ്ടിന്റെ പിരിവാണു നടക്കുന്നതെന്നും ഇവർ മൊഴി നൽകി. 

ഇടുക്കി ജില്ലയിലേത് ഉൾപ്പെടെ അൻപതോളം ബാറുടമകളെ ചേർത്ത് അനിമോൻ സമാന്തര സംഘടനയുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.സുനിൽകുമാറിന്റെ വാദം. എന്നാൽ, സംഘടനയെ പിളർത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നുവെങ്കിൽ എന്തുകൊണ്ട് ഒപ്പം നിൽക്കുന്ന ആരും അനിമോനെ പിന്തുണച്ചു രംഗത്തു വരുന്നില്ലെന്ന ചോദ്യമുണ്ട്. പുതിയ മദ്യനയം വരാനിരിക്കെ ബാറുടമകൾ എത്രമാത്രം സത്യസന്ധമായാണു ക്രൈംബ്രാഞ്ചിനു മൊഴി നൽകിയതെന്നും വ്യക്തമല്ല. എന്തായാലും  ഗൂഢാലോചന ആരോപിച്ച സർക്കാരിന്റെ താൽപര്യത്തിന് അനുസൃതമായാണ് ഇപ്പോൾ അന്വേഷണം നീങ്ങുന്നത്. 

സർക്കാരിലേക്കു നീളുന്ന തരത്തിൽ കേസെടുത്തുള്ള അന്വേഷണം എന്തായാലും ഉണ്ടാകില്ല. തെളിവു കിട്ടിയാൽ മാത്രം ഗൂഢാലോചനയിൽ കേസെടുക്കും. മുൻപ് യുഡിഎഫ് സർക്കാരിനെ പിടിച്ചു കുലുക്കിയതിനു സമാനമായ ആരോപണം വീണു കിട്ടിയിട്ടും പ്രതിപക്ഷം ശക്തമായ സമരത്തിനിറങ്ങാത്തതും തെളിവില്ലെന്നു കണ്ടാണ്. ശബ്ദരേഖയിലെ ആരോപണം അനിമോൻ നിഷേധിച്ചതോടെ ആയുധം നഷ്ടപ്പെട്ടു. നിയമസഭാ സമ്മേളനത്തിൽ എത്രമാത്രം ചർച്ചയാകുമെന്നതും കണ്ടറിയണം. തിരഞ്ഞെടുപ്പു ഫലത്തിനു ശേഷം പുതിയ മദ്യനയം പ്രഖ്യാപിക്കാനിരിക്കുന്ന സർക്കാരിനു കോഴ ആരോപണം വെല്ലുവിളിയാകും. ഡ്രൈഡേ ഒഴിവാക്കുക, ബാർ പ്രവർത്തനസമയം വർധിപ്പിക്കുക എന്നീ നിർദേശങ്ങൾ നയത്തിൽ ഇടംപിടിച്ചാൽ വിശദീകരിക്കാൻ പാടുപെടും.

English Summary:

Bar bribery: Investigation will be limited to conspiracy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com