ഇന്ന് 11 ജില്ലകളിൽ യെലോ അലർട്ട്; കാലവർഷം ഇന്നെത്തും, ഇപ്പോഴേ വെള്ളക്കെട്ട്
Mail This Article
തിരുവനന്തപുരം ∙ തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്നു കേരളത്തിലെത്തുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ എത്തുമെന്നു പ്രവചിച്ചിരുന്ന കാലവർഷമാണ് ഒരുദിവസം നേരത്തേ എത്തുന്നത്. വയനാട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള 11 ജില്ലകളിൽ ഇന്നു യെലോ അലർട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു.
സംസ്ഥാനത്തിന്റെ തെക്കൻ, മധ്യ മേഖലകളിൽ ഇന്നലെയും കനത്ത മഴ തുടർന്നു. ആറുകൾ പലതും കരകവിഞ്ഞു. എറണാകുളത്ത് കളമശേരി, ഇടപ്പള്ളി, കാക്കനാട് മേഖലകൾ വീണ്ടും വെള്ളത്തിലായി. കഴിഞ്ഞദിവസം വെള്ളം കയറിയ കളമശേരി മൂലേപ്പാടത്തെ വീടുകളിലെല്ലാം ഇന്നലെ വീണ്ടും വെള്ളം കയറി. ഇൻഫോപാർക്ക് മേഖലയിലും കനത്ത വെള്ളക്കെട്ടായിരുന്നു.
ആലപ്പുഴ ജില്ലയിൽ 2018ലെ പ്രളയത്തിൽ വെള്ളം കയറാത്ത സ്ഥലങ്ങളിൽപോലും വെള്ളക്കെട്ടുണ്ടായി. ചേപ്പാട് മുട്ടം പറത്തറയിൽ ദിവാകരനെ (68) വീടിനു സമീപത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
തിരുവനന്തപുരം നഗരവും വെള്ളക്കെട്ടിലായി. പ്രധാന വ്യാപാര കേന്ദ്രമായ ചാല ഒറ്റപ്പെട്ടു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നു. സംസ്ഥാനത്ത് ആകെ 42 ദുരിതാശ്വാസ ക്യാംപുകളിലായി 710 കുടുംബങ്ങളിലെ 2192 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്താകെ ജൂൺ 2 വരെ മഴ ശക്തമായി തുടരും. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ മഴ പെയ്തത് എറണാകുളം ജില്ലയിലെ പിറവത്താണ് – 20 സെന്റിമീറ്റർ. പൂഞ്ഞാർ (കോട്ടയം) 18, കായംകുളം (ആലപ്പുഴ) 14, വൈക്കം (കോട്ടയം) 13, നൂറനാട് (ആലപ്പുഴ) 12 എന്നിങ്ങനെയായിരുന്നു മഴ.
∙ അങ്കണവാടി പ്രവേശനോത്സവം മാറ്റിവച്ചു
സംസ്ഥാനത്തെ അങ്കണവാടികളിൽ ഇന്നു നടത്താനിരുന്ന പ്രവേശനോത്സവം കനത്ത മഴ കാരണം മാറ്റിവച്ചെന്നു സംസ്ഥാന വനിതാ ശിശു വികസന ജോയിന്റ് ഡയറക്ടർ എൻ.എസ്.ശിവന്യ അറിയിച്ചു.