ADVERTISEMENT

കൊച്ചി ∙ അബുദാബി കമേഴ്സ്യൽ ബാങ്കിൽ എസ്‌എൻസി ലാവ്‌ലിൻ, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് തുടങ്ങിയ കമ്പനികളിൽനിന്നു കോടികളുടെ നിക്ഷേപമെത്തിയ അക്കൗണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ എക്സാലോജിക് കൺസൽറ്റിങ് കമ്പനിയുടേതാണെന്നു ഷോൺ ജോർജ് ആരോപിച്ചു. വീണയ്ക്കു പുറമേ എം.സുനീഷ് എന്ന പേരും അക്കൗണ്ട് ഉടമകളുടേതായുണ്ടെന്നും വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 

അക്കൗണ്ടിലേക്ക് എസ്എൻസി ലാവ്‌ലിന്റെ അക്കൗണ്ടിൽനിന്ന് എത്തിയത് 3.30 ലക്ഷം ഡോളറാണെന്ന് (ഏകദേശം 2.67 കോടി രൂപ) പിന്നീട് മനോരമ ന്യൂസ് ചാനലിന്റെ കൗണ്ടർ പോയിന്റ് ചർച്ചയിൽ ഷോൺ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൻ ജോലി ചെയ്യുന്നത് ഇതേ ബാങ്കിലാണെന്നും പറഞ്ഞു. 

അക്കൗണ്ട് സംബന്ധിച്ചു വിശദ അന്വേഷണം വേണമെന്ന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) എന്നിവയോട് അഭ്യർഥിച്ചിട്ടുണ്ട്. എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ടുള്ള തന്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാൽ അക്കൗണ്ട് വിവരങ്ങൾ ഹൈക്കോടതിയെയും അറിയിച്ചതായി ഷോൺ പറഞ്ഞു. പ്രധാന ആരോപണങ്ങൾ:

∙ മുഖ്യമന്ത്രിയുടെ മകളുടെ ഈ അക്കൗണ്ടിലെ ശരാശരി ബാലൻസ് 10 കോടി രൂപയിലധികമായിരുന്നു. 8 വർഷത്തിലേറെയായി മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചു നടക്കുന്ന കമ്മിഷൻ, മാസപ്പടി അഴിമതിയിലൂടെ ലഭിക്കുന്ന തുക ഈ അക്കൗണ്ടിലേക്കാണ് എത്തിയിരുന്നത്. അക്കൗണ്ടിലെ പണത്തിൽ 90 ശതമാനവും യുഎസിലെ അക്കൗണ്ടുകളിലേക്കാണു പോയത്. 

∙ കരിമണൽ കടത്തുമായി ബന്ധപ്പെട്ട തുകയും ഈ അക്കൗണ്ടിലെത്തിയിട്ടുണ്ട്. 2016–19 ൽ 40,000 കോടി രൂപയുടെ കരിമണൽ തോട്ടപ്പള്ളിയിൽനിന്നു മാത്രം കടത്തിയിട്ടുണ്ട്. സിഎംആർഎലിന്റെ ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ പരമാവധി 700 കോടി രൂപയുടെ ഇടപാടുകളാണ് കാണാനാകുക. ശേഷിക്കുന്ന തുക എവിടെപ്പോയെന്ന സമഗ്ര അന്വേഷണം വേണം. 

∙ സംസ്ഥാന സർക്കാരുമായി സഹകരിച്ചിരുന്ന 2018 ഡിസംബർ മുതൽ 2020 നവംബർ 30 വരെയാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് ഈ അക്കൗണ്ടിലേക്കു പണം നിക്ഷേപിച്ചത്. 

∙ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളുമായി 1999 മുതൽ ലാവ്‌ലിനുമായി മുഖ്യമന്ത്രിക്കുള്ള ബന്ധത്തെയും ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന മസാല ബോണ്ട് ഉൾപ്പെടെയുള്ള കാര്യങ്ങളെയും കൂട്ടിവായിക്കണം. 

ആരോപണങ്ങൾ തെറ്റാണെങ്കിൽ മുഖ്യമന്ത്രി തനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കട്ടെയെന്ന് ഷോൺ ജോർജ് വെല്ലുവിളിച്ചു. ബിജെപി ദേശീയ–സംസ്ഥാന നേതൃത്വങ്ങളുടെ അറിവോടെയാണ് വിഷയത്തിൽ ഇടപെടുന്നതെന്നും പറഞ്ഞു.

English Summary:

Veena's account worth crores in Abu Dhabi; Chief Minister son works in same bank: Shone George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com