മഞ്ഞുമ്മൽ ബോയ്സ് കേസ്: സൗബിൻ ഷാഹിറും ഷോൺ ആന്റണിയും പണം നിക്ഷേപിച്ച ആളെ ചതിച്ചെന്ന് പൊലീസ് റിപ്പോർട്ട്
Mail This Article
കൊച്ചി ∙ മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കളായ നടൻ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ സിനിമയ്ക്കായി നിക്ഷേപം നടത്തിയയാളെ ചതി ചെയ്യാൻ മുൻധാരണ പ്രകാരം പ്രവർത്തിച്ചെന്ന് മരട് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. ഇരുവരും നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് മരട് ഇൻസ്പെക്ടർ ജി.പി. സജികുമാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. കേസിന്റെ അന്വേഷണത്തിന് പ്രതികളുടെ സാന്നിധ്യം ആവശ്യമാണെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും റിപ്പോർട്ടിൽ പറയുന്നു.
വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചുള്ള കേസിൽ ഇരുവരെയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി നേരത്തെ താൽക്കാലികമായി വിലക്കിയിരുന്നു. പരാതിക്കാരനായ അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദിനെ നിർമാതാക്കൾ കരുതിക്കൂട്ടി വഞ്ചിക്കുകയായിരുന്നെന്നു റിപ്പോർട്ടിൽ പറയുന്നു. 7 കോടി മുതൽമുടക്കിയ പരാതിക്കാരന് സിനിമ 250 കോടിയിലധികം ലാഭമുണ്ടാക്കിയതിനുശേഷവും മുടക്കുമുതൽ പോലും തിരിച്ചുനൽകിയിട്ടില്ല.
സിനിമയുടെ നിർമാണത്തിനായി ഒരു രൂപ പോലും നിർമാണ കമ്പനിയായ പറവ ഫിലിംസ് ചെലവഴിച്ചിട്ടില്ല. 7 കോടി രൂപ നിക്ഷേപിച്ചാൽ 40% ലാഭവിഹിതം നൽകാമെന്നായിരുന്നു കരാർ. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി എന്നായിരുന്നു 2022 നവംബർ 30ന് കരാർ ഒപ്പിടുമ്പോൾ നിർമാതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ, ആ സമയം ചിത്രത്തിന്റെ പ്രീ പ്രൊഡക്‌ഷൻ ജോലികൾ മാത്രമാണ് പൂർത്തിയായത്. പ്രതികൾ ചതി ചെയ്യാൻ മുൻധാരണ പ്രകാരമാണു പ്രവർത്തിച്ചതെന്നു വ്യക്തമാണ്. സമയബന്ധിതമായി പണം നൽകാത്തതുമൂലം നഷ്ടം സംഭവിച്ചെന്നു പ്രതികൾ പറഞ്ഞിരിക്കുന്നത് കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ്.
വിതരണത്തിനും മാർക്കറ്റിങ്ങിനും ഉൾപ്പെടെ 22 കോടി രൂപ എന്നായിരുന്നു കരാർ. എന്നാൽ ജിഎസ്ടി അടക്കം 18.65 കോടി രൂപ മാത്രമാണ് ചെലവായിട്ടുള്ളത്. പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ട് വഴി വിവിധ വ്യക്തികളിൽ നിന്നായി 28.35 കോടി രൂപ പ്രതികൾ സ്വീകരിച്ചിട്ടുണ്ട്. സിനിമയുടെ റിലീസ് പ്രതിസന്ധിയിൽ ആണെന്ന് നിർമാതാക്കൾ പറഞ്ഞപ്പോൾ വിതരണ കമ്പനിയിൽ നിന്നു 11 കോടി രൂപ കൂടി പരാതിക്കാരൻ ലഭ്യമാക്കി കൊടുത്തു. മൊത്തം കലക്‌ഷനിൽ നിന്നുള്ള നിർമാതാക്കളുടെ ഓഹരിയായി 45 കോടി രൂപ ഏപ്രിൽ 29 വരെ ലഭിച്ചിട്ടുണ്ടെന്ന് വിതരണ കമ്പനിയിൽനിന്നു ലഭിച്ച രേഖകളിലുണ്ട്.