സിഎംആർഎൽ കേസ്: വിജിലൻസ് കോടതി വിധിക്ക് എതിരെ ഹൈക്കോടതിയിൽ കുഴൽനാടന്റെ ഹർജി
Mail This Article
കൊച്ചി∙ സിഎംആർഎല്ലിൽ നിന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും കമ്പനിയും 1.72 കോടി രൂപ കൈപ്പറ്റിയത് അഴിമതിനിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതിനെതിരെ മാത്യു കുഴൽനാടൻ എംഎൽഎ ഹൈക്കോടതിയിൽ റിവിഷൻ പെറ്റിഷൻ നൽകി.
മുഖ്യമന്ത്രി ഉൾപ്പെടെ 7 കക്ഷികൾക്കെതിരെ നൽകിയ പരാതിയാണ് തള്ളിയത്. വൻതോതിൽ നടന്ന അഴിമതി സംബന്ധിച്ച് 27 രേഖകൾ ഉൾപ്പെടെ നൽകിയെങ്കിലും പ്രാഥമിക ഘട്ടത്തിൽതന്നെ പരാതി തള്ളി വിജിലൻസ് കോടതി നടപടികളിൽ വീഴ്ച വരുത്തിയെന്നു ഹർജിയിൽ അറിയിച്ചു. വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നും പരാതി പുനഃപരിശോധിക്കാനായി വീണ്ടും വിജിലൻസ് കോടതിയുടെ പരിഗണനയ്ക്കു മടക്കണമെന്നുമാണു ഹർജിയിലെ ആവശ്യം. ഹർജി നാളെ ജസ്റ്റിസ് കെ.ബാബു പരിഗണിക്കും.
സിഎംആർഎൽ, കെആർഇഎംഎൽ എന്നിവയെ മുഖ്യമന്ത്രി വഴിവിട്ടു സഹായിച്ചു എന്നായിരുന്നു വിജിലൻസ് കോടതിയിൽ നൽകിയ ഹർജിയിലെ ആരോപണം. അഴിമതിനിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട കുറ്റകൃത്യം ഹർജിയിലോ നൽകിയ രേഖകളിലോ കണ്ടെത്താനായില്ലെന്ന കോടതി നിരീക്ഷണം തെറ്റാണ്. നിയമാധികാരം കടന്ന് വിജിലൻസ് കോടതി മിനി വിചാരണയാണ് നടത്തിയത്.
കേസിന്റെ ഈ ഘട്ടത്തിൽ തെളിവുകളുടെ സൂക്ഷ്മപരിശോധനയല്ല വേണ്ടതെന്നും സുപ്രീം കോടതി നിർദേശങ്ങൾക്കു വിരുദ്ധമാണിതെന്നും ഹർജിയിൽ അറിയിച്ചു. കൈക്കൂലി നൽകിയതിനെ തുടർന്നു സ്വകാര്യ കമ്പനികൾക്ക് സഹായങ്ങൾ ചെയ്തെന്നുള്ള വസ്തുതകൾ വ്യക്തമാക്കുന്ന രേഖകൾ കോടതിയിൽ നൽകിയിരുന്നു. രാഷ്ട്രീയപ്രേരിതമാണെന്നു ചൂണ്ടിക്കാട്ടി പരാതി തള്ളിയതും തെറ്റാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.