ADVERTISEMENT

കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലു വയസ്സുകാരിയുടെ വിരലിനു പകരം നാവിനു ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്കു പിഴവു സംഭവിച്ചതായി മെഡിക്കൽ ബോർഡ് റിപ്പോർട്ട്. ആശുപത്രി സംവിധാനത്തിലെ തകരാറുകളും റിപ്പോർട്ടിൽ പരാമർശിക്കുന്നതായി അറിയുന്നു.‌ മെഡിക്കൽ ബോർഡ് കൺവീനറായ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൻ.രാജേന്ദ്രൻ മെഡിക്കൽ കോളജ് എസിപി കെ.ഇ.പ്രേമചന്ദ്രനു റിപ്പോർട്ട് കൈമാറി.

മെഡിക്കൽ ബോർഡ് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും എസിപി പറഞ്ഞു. ശസ്ത്രക്രിയയിൽ പിഴവു സംഭവിച്ചതായി നേരത്തേ പൊലീസ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. പൊലീസിന്റെ കണ്ടെത്തൽ മെഡിക്കൽ ബോർഡും ശരിവച്ച സാഹചര്യത്തിൽ ഡോക്ടർക്കെതിരെ അന്വേഷണോദ്യോഗസ്ഥൻ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. സംഭവത്തിൽ മെഡിക്കൽ നെഗ്ലിജൻസ് (ഐപിസി 338) ആക്ട് പ്രകാരം മെഡിക്കൽ കോളജ് പൊലീസ് നേരത്തേ തന്നെ കേസെടുത്തിരുന്നു. 3 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

ഡിഎംഒയ്ക്കു പുറമേ മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം പ്രഫസർ, ആരോഗ്യ വകുപ്പിലെ ജനറൽ സർജറി വിഭാഗം ഡോക്ടർ, അനസ്തെറ്റിസ്റ്റ്, ഗവ. പ്ലീഡർ, ശിശുരോഗ വിഭാഗം ഡോക്ടർ എന്നിവരായിരുന്നു മെഡിക്കൽ ബോർഡ് അംഗങ്ങൾ. ശസ്ത്രക്രിയയിൽ പിഴവു സംഭവിക്കാനിടയായ സാഹചര്യങ്ങൾ, ആശുപത്രിയിലെ സംവിധാനങ്ങളിലെ പിഴവ് തുടങ്ങിയവ വിശദമായി പരിശോധിക്കണമെന്നും ബോർഡിലെ ചില അംഗങ്ങൾ ശുപാർശ ചെയ്തിട്ടുണ്ട്. 

ചെറുവണ്ണൂർ മധുരവനം സ്വദേശിയായ 4 വയസ്സുകാരിക്കു കഴിഞ്ഞ 16ന് ആണ് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞിന്റെ കയ്യിലെ ആറാം വിരലിനു ശസ്ത്രക്രിയ നടത്താനാണ് ആശുപത്രിയിൽ എത്തിയത്. വാർഡിലേക്കു മാറ്റിയപ്പോഴാണു വിരലിനു പകരം നാവിനാണു ശസ്ത്രക്രിയ നടത്തിയതെന്നു കണ്ടെത്തിയത്. പിന്നീടു കൈവിരലിനും ശസ്ത്രക്രിയ നടത്തി.

സംഭവത്തിൽ അസോഷ്യേറ്റ് പ്രഫസർ ഡോ. ബിജോൺ ജോൺസൺ സസ്പെൻഷനിലാണ്. കുഞ്ഞിന്റെ നാവിലെ കെട്ട് (ടങ്‌ ടൈ) പരിഹരിക്കാനാണു ശസ്ത്രക്രിയ നടത്തിയതെന്നാണു ഡോക്ടറുടെ വിശദീകരണം.

English Summary:

Medical board report that the doctor made mistake in the incident where tongue was operated instead of finger

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com