ADVERTISEMENT

തിരുവനന്തപുരം ∙ ജീവനക്കാരുടെ ശമ്പളത്തിൽനിന്നു നിശ്ചിത തുക ഈടാക്കാനും വിരമിച്ചശേഷം മാസം തോറും തുക തിരികെ നൽകാനും ലക്ഷ്യമിടുന്ന ആന്വിറ്റി പദ്ധതിയായ ജീവാനന്ദവുമായി സംസ്ഥാന സർക്കാർ. സംസ്ഥാന ഇൻഷുറൻസ് വകുപ്പ് മുഖേന ആന്വിറ്റി പദ്ധതി നടപ്പാക്കുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഘടനയും മറ്റു നടപടികളും നിശ്ചയിക്കാൻ ഈ രംഗത്തെ വിദഗ്ധനെ (ആക്ച്വറി) നിയമിക്കുന്നതിനു കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ ജീവനക്കാരുടെ സംഘടനകൾ ആശങ്കകളുമായി രംഗത്തെത്തി. 

ഗുരുതരാവസ്ഥയിലായ സാമ്പത്തിക സ്ഥിതിക്കു ജീവൻ നൽകാൻ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കാനാണു ജീവാനന്ദമെന്നാണു വിമർശനം. ജീവനക്കാർക്കു പുതിയൊരു നിക്ഷേപമാർഗം കൂടി തുറക്കുകയാണെന്നു ധനവകുപ്പ് അധികൃതർ പറഞ്ഞു. ജീവാനന്ദം നടപ്പായാൽ ജീവനക്കാരുടെ തുക എല്ലാ മാസവും അതിലേക്ക് എത്തും. ഈ പണം സർക്കാരിനു വിനിയോഗിക്കാമെന്നു മാത്രമല്ല, ഒരുമിച്ചു തിരികെ നൽകേണ്ടിയും വരില്ല.  

സർക്കാർ ജീവനക്കാർ വിരമിക്കുമ്പോൾ മാസം തോറും ഒരു നിശ്ചിത തുക നൽകാനെന്നാണ് ഉത്തരവിൽ പറയുന്നത്. പദ്ധതിയെക്കുറിച്ച് സംശയങ്ങൾ ഇങ്ങനെ:

∙ പങ്കാളിത്ത പെൻഷൻ പദ്ധതിയും മെഡിസെപ്പും പോലെ എല്ലാ ജീവനക്കാരും ജീവാനന്ദത്തിലേക്കു തുക നൽകേണ്ടി വരുമോ?

∙  നിശ്ചിത തുക തന്നെ നിക്ഷേപിക്കണോ അതോ ജീവനക്കാർക്ക് ഇഷ്ടമുള്ള തുക നിക്ഷേപിക്കാമോ ? 

∙ പെൻഷൻ നിർത്തലാക്കി, പകരം ആന്വിറ്റി നടപ്പാക്കാനാണോ ശ്രമിക്കുന്നത്? 

പങ്കാളിത്ത പെൻഷൻകാരുടെ ശമ്പളത്തിൽ നിന്നു നിലവിൽ 10% പെൻഷൻ പദ്ധതിയിലേക്ക് ഈടാക്കുന്നുണ്ട്. ഡിഎ ഉൾപ്പെടെ നൽകാത്തതിലൂടെ 8 വർഷത്തിനിടെ ജീവനക്കാരുടെ 15 മാസത്തെ ശമ്പളത്തിനു തുല്യമായ തുക സർക്കാർ പിടിച്ചെടുത്തുവെന്ന ആരോപണം പ്രതിപക്ഷ സർവീസ് സംഘടനകൾ ഉന്നയിക്കുന്നുണ്ട്. വിരമിക്കുമ്പോൾ ഒരു നിശ്ചിത തുക എന്നു പറയുന്ന ആന്വിറ്റി ഉത്തരവിൽ പെൻഷന്റെ കാര്യം പറയുന്നില്ല. 

ജീവനക്കാരുടെ അവകാശങ്ങളും ശമ്പളവും കവർന്നെടുക്കുന്ന ഈ ആന്വിറ്റി പദ്ധതി ജീവാനന്ദമല്ല, ക്രൂരാനന്ദമാണെന്നും അതിനെ പ്രതിരോധിക്കുമെന്നും സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗൺസിൽ അറിയിച്ചു.

English Summary:

Post Retirement Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com