ADVERTISEMENT

മലപ്പുറം ∙ തായ്‌ലൻഡിൽ കോൾ സെന്റർ ജോലി വാഗ്ദാനംചെയ്തു കേരളത്തിൽനിന്നടക്കം റിക്രൂട്ട് ചെയ്ത യുവാക്കളെ മ്യാൻമറിലെത്തിച്ച് ഓൺലൈൻ തട്ടിപ്പ് നടത്താനായി ഉപയോഗിക്കുന്നതായും ചൈനീസ് സംഘമാണ് ഇതിനു പിന്നിലെന്നും ഇവരിൽനിന്ന് രക്ഷപ്പെട്ട യുവാവിന്റെ വെളിപ്പെടുത്തൽ. സമാന രീതിയിൽ തട്ടിപ്പിനിരയായ മലയാളികളടക്കം ഒട്ടേറെപ്പേർ മ്യാൻമറിലെ രഹസ്യകേന്ദ്രത്തിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായും അദ്ദേഹം പറയുന്നു. 

മഞ്ചേരി വട്ടപ്പാറ കുന്നത്തുവീട്ടിൽ സഹീർ അനസ് ആണ് തട്ടിപ്പ് സംഘത്തിൽനിന്നു രക്ഷപ്പെട്ട് തിരിച്ചെത്തിയത്. 1000 ഡോളർ ശമ്പളം വാഗ്ദാനം ചെയ്താണ് കോൾ സെന്റർ ജോലിയിലേക്കു ക്ഷണിച്ചത്. തായ്‌ലൻഡിലെ കമ്പനിയുടെ ഹ്യൂമൻ റിസോഴ്സസ് വിഭാഗത്തിൽ നിന്നെന്ന് പരിചയപ്പെടുത്തിയ ആളുമായി ചാറ്റ് ചെയ്താണ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. വിമാന ടിക്കറ്റും വീസയും നൽകി. തായ്‌ലൻഡിലെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ ആളുമെത്തി. തുടർന്ന് ടാക്സിയിൽ കയറ്റിവിട്ടു. തായ്‌ലൻഡിൽനിന്ന് ഒരു പുഴ കടത്തിയാണ് മ്യാൻമറിലെത്തിച്ചതെന്നു സഹീർ പറഞ്ഞു.

തടവറയ്ക്കു സമാനമായൊരു കേന്ദ്രത്തിലാണ് എത്തിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരെ ഓൺലൈനായി ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിച്ചോ പ്രണയക്കെണിയിൽ വീഴ്ത്തിയോ ക്രിപ്റ്റോ കറൻസിയിൽ പണം നിക്ഷേപിപ്പിക്കുകയായിരുന്നു ജോലി. ടാർഗറ്റ് പൂർത്തിയാക്കിയില്ലെങ്കിൽ ഭീഷണിയും പിഴയുമുണ്ട്. ശമ്പളം നൽകാറില്ല. ഇടയ്ക്കു നൽകിയാൽ പിഴയിനത്തിൽ അതു തിരിച്ചുപിടിക്കും. എതിർക്കുന്നവർ വൈദ്യുതാഘാതമുൾപ്പെടെയുള്ള പീഡനമുറകൾക്ക് വിധേയരാകേണ്ടിവന്നിരുന്നെന്നും സഹീർ പറയുന്നു. ഒടുവിൽ പിതാവ് വഴി 3.50 ലക്ഷം രൂപ ക്രിപ്റ്റോ കറൻസിയിലൂടെ സംഘത്തിനു നൽകിയാണു രക്ഷപ്പെട്ടത്.

കേരളത്തിലെത്തിയ ശേഷം പൊലീസിനെ വിവരങ്ങൾ അറിയിച്ചെങ്കിലും കാര്യമായ നടപടികളുണ്ടായില്ലെന്നു സഹീർ പറയുന്നു. മലപ്പുറം വള്ളിക്കാപ്പറ്റയിൽനിന്ന് തായ്‌ലൻഡിലേക്കു പോയ രണ്ടുപേരെ കാണാതായെന്ന് കഴിഞ്ഞ ദിവസം ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണു സഹീറിന്റെ വെളിപ്പെടുത്തൽ.

English Summary:

Job crypto currency fraud; torture if resisted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com