ADVERTISEMENT

കൊച്ചി ∙ ‘ഡോ.രാമപ്രസാദ്’ എന്ന പേരിലാണു അവയവ റാക്കറ്റിന്റെ ഹൈദരാബാദിലെ മുഖ്യകണ്ണിയായ ബല്ലംകൊണ്ട രാമപ്രസാദ് ഗ്രാമീണർക്കിടയിൽ അറിയപ്പെട്ടിരുന്നത്. 

ഹൈദരാബാദിന്റെ സമീപപ്രദേശമായ ഖൈരത്താബാദിൽ ഡോ. രാം പ്രസാദ് എന്നു പേരുള്ള ത്വക്‌ രോഗ വിദഗ്ധന്റെ ക്ലിനിക്കിനു സമീപം മുറിയെടുത്ത് അവിടെയിരുന്നാണ് ഇടപാടുകാരുമായി ചർച്ച നടത്തിയിരുന്നത്. കാണാൻ വരുന്നവരെ ഡോ. രാം പ്രസാദ് താനാണെന്നു വിശ്വസിപ്പിക്കാനായിരുന്നു ഇത്.  

സമൂഹമാധ്യമങ്ങൾ വഴിയാണു രാമപ്രസാദ് ഇരകളെയും ആവശ്യക്കാരെയും കണ്ടെത്തിയത്. ഡൽഹി, ജമ്മു, മഹാരാഷ്ട്ര, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ഇവരുടെ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. 50 ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെയുള്ള ചികിത്സാ പാക്കേജുകളാണ് ഇറാനിലെ ആശുപത്രി അവയവം സ്വീകരിക്കുന്നവർക്കു നൽകിയിരുന്നത്. 

ഇതിൽനിന്ന് 6 മുതൽ 10 ലക്ഷം രൂപ വരെയാണ് ദാതാക്കൾക്കു വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, ശസ്ത്രക്രീയ കഴിയുമ്പോൾ ഒന്നോ രണ്ടോ ലക്ഷം രൂപയും വിമാന ടിക്കറ്റും മാത്രം നൽകി കബളിപ്പിക്കുകയായിരുന്നു പതിവ്.

റാക്കറ്റ് വിദേശത്തേക്കു കടത്തിയ ദാതാക്കളിൽ ഇതുവരെ മടങ്ങിയെത്താത്തവരുടെ വിവരം രാമപ്രസാദിന് അറിയാം.  സ്വന്തം നാടായ വിജയവാഡയിൽ എത്തുമ്പോൾ എല്ലാവരെയും കൈമറന്നു സഹായിക്കുന്ന ‘ബിസിനസുകാരന്റെ’ പ്രതിഛായയാണു രാമപ്രസാദ് വളർത്തിയെടുത്തത്. 

ഇന്ത്യയിലെ പല ആശുപത്രികളിലും ഇവർക്കു ബിസിനസ് പങ്കാളികളുണ്ട്. ഇവരുടെ സഹായത്തോടെയാണ് ഇരകളുടെ ആരോഗ്യപരിശോധന നടത്തിയിരുന്നത്. ഇരകളുടെ വിദേശയാത്രയും ശസ്ത്രക്രിയയും മടക്കവും ആസൂത്രണം ചെയ്തിരുന്നത് അറസ്റ്റിലായ സബിത്തും ഇപ്പോൾ ഇറാനിലുള്ള മലയാളി മധുവുമാണ്.

അവയവം ദാനം ചെയ്തവരുടെയും സ്വീകരിച്ചവരുടെയും പട്ടിക രാമപ്രസാദിന്റെ പക്കൽനിന്നു പൊലീസിനു ലഭിച്ചു. ബെനാമി കമ്പനികളുടെ പേരിലാണ് ഇവരുടെ പണമിടപാടുകൾ നടത്തിയിരുന്നത്. അതു നിയന്ത്രിച്ചിരുന്നത് അറസ്റ്റിലായ എടത്തല സ്വദേശി സജിത്ത് ശ്യാമാണ്. രാമപ്രസാദ് ഇറാനിലേക്കു കടക്കാനുള്ള നടപടികൾ ഏതാണ്ടു പൂർത്തിയാക്കിയിരുന്നു. അന്വേഷണ സംഘം സേലത്തു നിൽക്കുമ്പോഴാണ് ഈ വിവരം ലഭിച്ചത്. ഉടൻ പുറപ്പെട്ട സംഘം പ്രതിയെ വളഞ്ഞുപിടിച്ചു.

English Summary:

Organ Trafficking Mafia: Ramaprasad is a helper to all

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com