കുഴൽനാടന്റെ റിവിഷൻ പെറ്റിഷൻ ഹൈക്കോടതി 18ന് പരിഗണിക്കും
Mail This Article
കൊച്ചി ∙ സിഎംആർഎലിൽ നിന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും കമ്പനിയും 1.72 കോടി രൂപ കൈപ്പറ്റിയത് അഴിമതിനിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതിനെതിരെ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ റിവിഷൻ പെറ്റിഷൻ ഹൈക്കോടതി 18 ന് പരിഗണിക്കാൻ മാറ്റി. സമാനമായ ആവശ്യം ഉന്നയിച്ചു കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ റിവിഷൻ പെറ്റിഷനും ഇതോടൊപ്പം പരിഗണിക്കും.
ഹർജിയിൽ സർക്കാരിനെ കക്ഷിയാക്കാത്തതിൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി എതിർപ്പ് അറിയിച്ചു. വിജിലൻസ് കോടതിയിൽ സർക്കാർ തടസ്സവാദം ഉന്നയിച്ചതാണെന്നും ഇത് റിവിഷൻ പെറ്റിഷനോടൊപ്പം ഹാജരാക്കേണ്ടതായിരുന്നെന്നും അദ്ദേഹം വാദിച്ചു. തടസ്സവാദം പരിഗണിച്ചായിരുന്നു വിജിലൻസ് കോടതി വിധിയെന്നും വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ എതിർപ്പില്ലെന്നും വിജിലൻസ് കോടതിയിൽ ഹാജരാക്കിയ തടസ്സവാദം ഹാജരാക്കുമെന്നും മാത്യു കുഴൽനാടൻ അറിയിച്ചു.
വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പരാതി മുവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിന് എതിരെ ആയിരുന്നു ഗിരീഷ് ബാബു റിവിഷൻ പെറ്റീഷൻ നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയനു പുറമേ യുഡിഎഫ് നേതാക്കളെയും എതിർകക്ഷികളാക്കിയിരുന്നു. ഹർജി ഹൈക്കോടതിയിൽ നിലനിൽക്കെ ഗിരീഷ് ബാബു മരിച്ചു. എന്നാൽ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു റിവിഷൻ പെറ്റീഷനിൽ നടപടി തുടരുകയായിരുന്നു.