ADVERTISEMENT

തൃക്കരിപ്പൂർ (കാസർകോട്) ∙ അതിരുകടന്ന്, കായൽ കടന്ന് കുഞ്ഞിക്കുടകളും വിടർന്ന പുഞ്ചിരിയുമായി 6 അതിഥികൾ എത്തിയപ്പോൾ, സ്കൂൾ ഒരുപാട് ‘ഹാപ്പി’യായിട്ടുണ്ടാകും. വലിയപറമ്പ് തയ്യിൽ സൗത്ത് കടപ്പുറം ജിഎൽപി സ്കൂളിൽ ഒന്നാം ക്ലാസിലേക്ക് ഇക്കുറി പ്രവേശനം നേടിയത് 6 പേരാണ്; എല്ലാവരും ബംഗാൾ സ്വദേശികൾ. സ്കൂളിന്റെ നിലനിൽപിനു തന്നെ സഹായകമായി ആ വരവ്. 

വലിയപറമ്പ് പഞ്ചായത്തിലെ ഒറ്റപ്പെട്ട കടലോര ഗ്രാമമാണ് തയ്യിൽ സൗത്ത്. പ്രദേശത്തിന്റെ മറുകര ഏഴിമല നാവിക അക്കാദമിയാണ്. ഇവിടത്തെ ഉദ്യോഗസ്ഥരുടെ സഹായികളായ 5 ബംഗാൾ കുടുംബങ്ങളിൽനിന്നുള്ള കുട്ടികളാണ് സ്കൂളിനെ കാത്തത്. മനോജ് തുഡു, സാഗർ തുഡു, ബികാശ് മർദി, സഞ്ജന മുർമു, ഇരട്ടകളായ ബെനശ്രീ ബസ്റ, മധുശ്രീ ബസ്റ എന്നിവരാണു പ്രവേശനം നേടിയത്. ഇവർക്കാർക്കും മലയാളം വഴങ്ങില്ല.

ജലഗതാഗത വകുപ്പിന്റെ ബോട്ടിലാണ് കായൽ‌കടന്ന് കുട്ടികളെത്തിയത്. പ്രധാനാധ്യാപകൻ സി.കുമാരന്റെ നേതൃത്വത്തിൽ അധ്യാപകർ കുട്ടികളെ വരവേറ്റു. അധ്യാപിക സ്മിത അഭിലാഷ് ഇടപെട്ടാണ് കുട്ടികളെ സ്കൂളിലെത്തിച്ചത്. സ്മിതയുടെ വാഹനത്തിലാണ് ഇവരെ ഇന്നലെ സ്കൂളിൽനിന്നു തീരത്തെത്തിച്ചു ബോട്ടിൽ കയറ്റിവിട്ടത്. ഇവർക്കു സ്കൂളിലെത്താൻ സ്ഥിരം സംവിധാനം വേണം. നാലാം ക്ലാസിൽ ഒരാൾ, രണ്ടിൽ 3 പേർ, മൂന്നിൽ 2 പേർ, ഒന്നിൽ 6 പേർ എന്നിങ്ങനെ സ്കൂളിലിപ്പോൾ ആകെ 12 കുട്ടികളായി.

English Summary:

All those enrolled in the first class of kadappuram glp school are Bengali children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com