ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ ഇരുപതിൽ 18 സീറ്റും തൂത്തുവാരി ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ആധിപത്യം പുലർത്തിയെങ്കിലും 2019 ൽ നേ‌ടിയതിനെ അപേക്ഷിച്ച് ഒരു സീറ്റ് നഷ്ടമായി. എൽഡിഎഫിൽനിന്ന് ആലപ്പുഴ തിരിച്ചുപിടിച്ചപ്പോൾ ആലത്തൂർ നഷ്ടപ്പെട്ടു. അതോടെ എൽഡിഎഫുമായുള്ള മത്സരത്തിൽ സന്തുലനം നിലനിർത്തിയെങ്കിലും കയ്യിലുണ്ടായിരുന്ന തൃശൂർ ബിജെപി കൊണ്ടുപോയി.  

74,686 വോട്ടുകളുടെ ആധികാരിക ഭൂരിപക്ഷത്തിനാണ് തൃശൂർ സീറ്റെടുത്ത് സുരേഷ്ഗോപി ബിജെപിയുടെ അഭിമാനതാരമായത്. 2004 ലെ പി.സി.തോമസിന്റെ (ഐഎഫ്ഡിപി) വിജയത്തിനു ശേഷം ആദ്യമായാണ് ബിജെപി മുന്നണി കേരളത്തിൽ സീറ്റ് നേടുന്നത്. വടകരയൊഴിഞ്ഞു തൃശൂരിലെത്തി അട്ടിമറി വിജയം കൊതിച്ച യുഡിഎഫിലെ കെ.മുരളീധരൻ മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഒരു മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തായതും അപൂർവതയായി.

കഴിഞ്ഞ തവണ ആലത്തൂരിൽ ഒന്നര ലക്ഷത്തിലേറെ വോട്ടുകൾക്കു വിജയിച്ച യുഡിഎഫിന്റെ രമ്യ ഹരിദാസിനെ ഇക്കുറി 20,111 വോട്ടുകൾക്കു തോൽപിച്ച് മന്ത്രി കെ.രാധാകൃഷ്ണൻ എൽഡിഎഫിനെ എൻഡിഎക്കും പിന്നിൽ പൂജ്യത്തിലേക്കു വീഴാതെ കാത്തു. 

കഴിഞ്ഞ തവണത്തേതിൽനിന്നു വ്യത്യസ്തമായി യുഡിഎഫിന് അനുകൂലമായി മറ്റു ശക്തമായ സ്വാധീനഘടകങ്ങളില്ലാത്തതിനാൽ രണ്ടാം പിണറായി സർക്കാരിനെതിരായ ജനവികാരം ആഞ്ഞടിച്ചത് എൽഡിഎഫിനെ വീണ്ടും പരാജയത്തിലേക്കു കൂപ്പുകുത്തിച്ചെന്നാണു പൊതുവിലയിരുത്തൽ. ആരോപണ പ്രത്യാരോപണങ്ങളാൽ രൂക്ഷമായ മത്സരം നടന്ന വടകരയിൽ ഷാഫി പറമ്പിലിനെതിരെ കെ.കെ.ശൈലജയ്ക്കു തോൽക്കേണ്ടി വന്നത് 1.15 ലക്ഷം വോട്ടുകൾക്കാണ്.

10 യുഡിഎഫ് സ്ഥാനാർഥികൾ ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷം നേടിയപ്പോൾ കേരളത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നൽകി ഇക്കുറിയും വയനാട് രാഹുൽ ഗാന്ധിയെ കാത്തു. ഫോട്ടോഫിനിഷിലൂടെയാണ് ആറ്റിങ്ങലിൽ വി.ജോയിയെ പരാജയപ്പെടുത്തി ഇൗ തിരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് (684 വോട്ടുകൾ) യുഡിഎഫിന്റെ അടൂർ പ്രകാശ് മണ്ഡലം നിലനിർത്തിയത്. എൽഡിഎഫിന്റെ പരാതിയെത്തുടർന്ന് തപാൽ വോട്ടുകൾ വീണ്ടും എണ്ണി. 

വയനാട്ടിലും മലപ്പുറത്തും യുഡിഎഫിന് 3 ലക്ഷത്തിനു മുകളിലും പൊന്നാനി, എറണാകുളം മണ്ഡലങ്ങളിൽ 2 ലക്ഷത്തിനു മുകളിലും ഭൂരിപക്ഷമുണ്ട്. കോട്ടയം മണ്ഡലം കേരള കോൺഗ്രസ് ജോസഫ് വിഭാഗം പിടിച്ചെടുത്തതോടെ മാണി വിഭാഗത്തിന് പാർലമെന്റിൽ പ്രാതിനിധ്യമില്ലാതായി. വടകരയിൽ ഷാഫി പറമ്പിൽ വിജയിച്ചതോടെ പാലക്കാട്ടും ആലത്തൂരിൽ മന്ത്രി കെ.രാധാകൃഷ്ണൻ വിജയിച്ചതിനാൽ ചേലക്കരയിലും 6 മാസത്തിനുള്ളിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com