മങ്ങാതെ, മായാതെ ടിപി; ഇക്കുറിയും എൽഡിഎഫിനെ വടകരയിൽ മുട്ടുകുത്തിച്ച് ‘ടിപി ഫാക്ടർ’
Mail This Article
കോഴിക്കോട് ∙ വടകരയിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ വിജയം ഉറപ്പായപ്പോൾ കെ.കെ.രമ ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:
‘‘മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വയ്ക്കാനുമൊക്ക, ചിരി മായാത്ത മുഖം ബാക്കി വയ്ക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്. മരിച്ച മനുഷ്യരെയും തോറ്റ മനുഷ്യരെയും ചേർത്തുപിടിച്ച നാടാണിത്. മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞു തുന്നിച്ചേർത്ത നാടാണിത്’’.
പതിറ്റാണ്ടു പിന്നിട്ടാലും മങ്ങാതെ മായാതെ ടിപി ഫാക്ടർ വടകരയിലുണ്ടാകുമെന്ന് ഈ തിരഞ്ഞെടുപ്പോടെ വീണ്ടും വ്യക്തമായി. സിപിഎമ്മിന്റെ കയ്യിലുള്ള കണക്കു പ്രകാരം 50,000 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷം എൽഡിഎഫിനുള്ള മണ്ഡലമാണ് വടകര. എന്നാൽ ഒന്നര പതിറ്റാണ്ടായി ആ കണക്ക് പുറത്തെടുക്കാൻ അനുവദിക്കാതെ ‘ടിപി ഫാക്ടർ’ ഇക്കുറിയും എൽഡിഎഫിനെ വടകരയിൽ മുട്ടുകുത്തിച്ചു.
2009ൽ ടി.പി.ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ആർഎംപി രൂപീകരണത്തോടെയും പിന്നീട് ടിപി വധത്തോടെയും കൈവിട്ടുപോയ മണ്ഡലം ഇക്കുറിയും തിരിച്ചുപിടിക്കാനായില്ല. നിർത്താവുന്നതിൽ ഏറ്റവും ശക്തയായ, പൊതുസ്വീകാര്യതയുള്ള സ്ഥാനാർഥിയായ കെ.കെ.ശൈലജയെ നിർത്തിയിട്ടു പോലും ജയിക്കാൻ എൽഡിഎഫിനു കഴിഞ്ഞില്ല.
ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് ടി.പി.ചന്ദ്രശേഖരൻ കൊലപാതക്കകേസിൽ ഹൈക്കോടതി വിധിയുണ്ടായത്. കുറ്റക്കാരല്ലെന്നു കണ്ടു കീഴ്ക്കോടതി വിട്ടയച്ച 2 സിപിഎം നേതാക്കളെ ഹൈക്കോടതി ശിക്ഷിച്ചു എന്നു മാത്രമല്ല, നേരത്തേ മറ്റു പ്രതികൾക്കു കിട്ടിയ ശിക്ഷ കടുപ്പിക്കുകയും ചെയ്തു. ടി.പി.ചന്ദ്രശേഖരൻ വധത്തിൽ സിപിഎമ്മിന്റെ പങ്ക് ഒന്നുകൂടി അടിവരയിട്ട് ഉറപ്പിക്കുന്നതായിരുന്നു ഹൈക്കോടതി ഇടപെടൽ.
ആർഎംപിയുടെയും വടകര സിറ്റിങ് എംഎൽഎയും ടിപിയുടെ ഭാര്യയുമായ കെ.കെ.രമയുടെയും നേതൃത്വത്തിൽ ശക്തമായ പ്രചാരണ പ്രവർത്തനങ്ങളാണ് വടകരയിൽ നടത്തിയത്. വടകരയിലെ ഓരോ ഇടവഴിയിലും ചിരപരിചിതമായ ആർഎംപിയുടെ പ്രവർത്തനം ഷാഫിയുടെ വിജയത്തിൽ നിർണായകമായിരുന്നു. ശക്തമായ ഇടതു മനസ്സുള്ള പലരും നിലവിലെ സംസ്ഥാന സർക്കാർ ഭരണത്തിനെതിരായിരുന്നു. പാർട്ടിക്കു നയവ്യതിയാനങ്ങളുണ്ടാകുന്നുവെന്ന് ഉറച്ചു വിശ്വസിച്ച കമ്യൂണിസ്റ്റുകാർ പലരും ആർഎംപിയുടെ അഭ്യർഥന പ്രകാരം ഷാഫിക്കു വേണ്ടി വോട്ടു ചെയ്തു. അതു ടിപി ഘടകത്തിന്റെ പ്രതിഫലനം തന്നെ.