കേരള കോൺഗ്രസിനെ (എം) യുഡിഎഫിലേക്ക് ക്ഷണിക്കില്ലെന്നു കോൺഗ്രസ്
Mail This Article
തിരുവനന്തപുരം∙ രാജ്യസഭാ സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ കേരള കോൺഗ്രസ് (എം) സിപിഎമ്മുമായി ഉടക്കിയാലും കോൺഗ്രസ് മുൻകയ്യെടുത്തു യുഡിഎഫിലേക്കു ക്ഷണിക്കില്ല. യുഡിഎഫിലും ഇതുവരെ ഒരാലോചനയും നടത്തിയിട്ടില്ല. ആരുടെയും പിന്നാലെ പോകാൻ ഉദ്ദേശിക്കുന്നില്ലെന്നു യുഡിഎഫ് കൺവീനർ എം.എം.ഹസൻ വ്യക്തമാക്കി.
കേരള കോൺഗ്രസിനെ (എം) തിരികെ കൊണ്ടുവരാൻ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും മുന്നണിയിൽ ആലോചന പോലുമുണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പറഞ്ഞു. യുഡിഎഫിൽ ചേരാൻ തയാറായി വന്നാൽ ആ ഘട്ടത്തിൽ ചർച്ച ചെയ്യുമെന്നാണു നിലപാട്.
അതേസമയം, കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്കു മടങ്ങിവരണമെന്നും ആവശ്യമെങ്കിൽ അങ്ങോട്ടു പോയി ചർച്ച നടത്തുമെന്നുമായിരുന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രതികരണം. ഇതു തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നു സുധാകരൻ വിശദീകരിക്കുകയും ചെയ്തു. സുധാകരൻ കെപിസിസി പ്രസിഡന്റായ ഘട്ടത്തിൽ തന്നെ കേരള കോൺഗ്രസിനെ (എം) തിരിച്ചുകൊണ്ടുവരണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
അവർ മുന്നണി വിട്ടതിൽ ദുഃഖമുണ്ടെന്നും പ്രതികരിച്ചിരുന്നു. എന്നാൽ പിന്നീട് അവരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം കോൺഗ്രസോ യുഡിഎഫോ നടത്തിയതുമില്ല. അതുകൊണ്ടുതന്നെ സുധാകരന്റെ ഇപ്പോഴത്തെ അഭിപ്രായപ്രകടനം പാർട്ടിയിലും മുന്നണിയിലും ആശയക്കുഴപ്പമുണ്ടാക്കാനിടയില്ല.
കെ.എം.മാണിയുടെ കാലത്തു മുന്നണി വിട്ടപ്പോൾ ജോസ് കെ.മാണിക്കു കോൺഗ്രസിന്റെ രാജ്യസഭാംഗത്വം വാഗ്ദാനം ചെയ്താണു തിരികെ കൊണ്ടുവന്നത്. എന്നാൽ ആ സാഹചര്യം ഇപ്പോഴില്ലെന്നു കോൺഗ്രസ് കരുതുന്നു. കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടുകയും സർക്കാരും ഇടതുമുന്നണിയും പ്രതിരോധത്തിലായിരിക്കുകയും ചെയ്തിരിക്കെ, ആവശ്യം തങ്ങളുടേതല്ല എന്നാണു കോൺഗ്രസിന്റെ പക്ഷം.