ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ വായ്പ: ബാങ്ക് മുൻ ചീഫ് മാനേജരടക്കം 4 പേർക്ക് 3 വർഷം കഠിനതടവും 5.87 കോടി പിഴയും
Mail This Article
തിരുവനന്തപുരം ∙ ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ വ്യാജരേഖകളിലൂടെ വായ്പയെടുത്ത് അഴിമതി നടത്തിയെന്നും ബാങ്കിനു വൻ നഷ്ടം വരുത്തിയെന്നുമുള്ള കേസിൽ കോട്ടയം കാനറ ബാങ്കിലെ മുൻ ചീഫ് മാനേജർ ഉൾപ്പെടെ 4 പ്രതികൾക്ക് 3 വർഷം കഠിനതടവും 5.87 കോടി രൂപ പിഴയും ശിക്ഷ. മുൻ ചീഫ് മാനേജർ ഇ.ജി.എൻ.റാവു, ബോബി ജേക്കബ്, ടീനു ബോബി, കെ.വി.സുരേഷ് എന്നിവരെയാണു തിരുവനന്തപുരം സിബിഐ കോടതി ശിക്ഷിച്ചത്. യഥാക്രമം 1, 3, 4, 5 പ്രതിസ്ഥാനത്തുള്ളവരാണ് ഇവർ. അഴിമതിക്കു മുൻ ചീഫ് മാനേജർ കൂട്ടുനിന്നെന്നാണു സിബിഐ കേസ്. കുരുമുളക്, ഏലം എന്നിവയുടെ വ്യാപാര ആവശ്യങ്ങൾക്കെന്നു കാട്ടിയായിരുന്നു തട്ടിപ്പ്. കേസിലെ രണ്ടാം പ്രതിയും മുൻ മാനേജറുമായ എം.പി.ഗോപിനാഥൻ നായരെ കോടതി വിട്ടയച്ചു.
പണം നഷ്ടപ്പെട്ട കോട്ടയം സ്വദേശി ഉണ്ണിമായക്കുട്ടിക്കു പിഴത്തുകയിൽനിന്ന് 5 കോടിയും ഗിരിജയ്ക്കു 40 ലക്ഷവും അനിൽരാജിന് 25 ലക്ഷവും ശിവരാജൻ ഉണ്ണിത്താന് 5 ലക്ഷവും നൽകാൻ കോടതി ഉത്തരവിട്ടു. പണം നൽകിയില്ലെങ്കിൽ പ്രതികളുടെ വസ്തുക്കൾ ജപ്തി ചെയ്തു പണം ഈടാക്കാനും നിർദേശിച്ചു.
വായ്പയെടുത്ത് അഴിമതി
2004 ജൂൺ 7 മുതൽ 2006 ഡിസംബർ 16 വരെയുള്ള കാലയളവിലാണ് അഴിമതി നടന്നതെന്നു സിബിഐ കുറ്റപത്രത്തിൽ പറയുന്നു. മൂന്നും നാലും പ്രതികളുമായി ചേർന്നു ഒന്നാം പ്രതി ഗൂഢാലോചന നടത്തുകയും കുരുമുളക്, ഏലം എന്നിവയുടെ വ്യാപാര ആവശ്യങ്ങൾക്കെന്നു പറഞ്ഞു കോട്ടയം കാനറ ബാങ്ക് ശാഖയിൽനിന്നു വായ്പകൾ എടുക്കുകയും ചെയ്തു. ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ വ്യാജരേഖകൾ ഹാജരാക്കിയാണു വായ്പ എടുത്തത്.
പണം പലിശയ്ക്കു നൽകുന്ന വ്യക്തിയാണു കേസിലെ അഞ്ചാം പ്രതി സുരേഷ്. ഇയാളുടെ അടുത്തു പണം വാങ്ങാൻ എത്തുന്നവരുടെ പക്കൽനിന്ന് ഈടായി അവരുടെ പേരിലുള്ള ഭൂരേഖകളോ ചെക്കോ വാങ്ങും. ഇതിനു ശേഷം പ്രമാണം മൂന്നും നാലും പ്രതികളായ ബോബി ജേക്കബ്, ടീനു ബോബി എന്നിവരുടെ പേരിൽ എഴുതാമെന്നും പണം തിരികെ നൽകുമ്പോൾ തിരിച്ച് എഴുതിനൽകാമെന്നും പറയും. ഇതിനുശേഷം പ്രതികൾ പ്രമാണവുമായി ബാങ്കിലെത്തും.
ഇവർ എടുത്ത വായ്പയുടെ ഈടായി ബാങ്കിൽ വയ്ക്കും. അഴിമതിക്ക് അന്നത്തെ ചീഫ് മാനേജർ കൂട്ടുനിന്നെന്നും ബാങ്കിനു 5 കോടിയിൽപരം രൂപയുടെ നഷ്ടം വരുത്തിയെന്നുമാണു കേസ്. പണം നൽകിയ ശേഷവും ഭൂരേഖകൾ യഥാർഥ ഉടമകൾക്ക് ഇവർ തിരികെ നൽകിയില്ല. പരാതികളിന്മേൽ ബാങ്ക് നടത്തിയ അന്വേഷണത്തിലാണ് അഴിമതി കണ്ടെത്തിയതും സിബിഐ അന്വേഷണം ആരംഭിച്ചതും. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.സെന്തിൽ കുമാർ ഹാജരായി.