നേട്ടത്തിലും ബിജെപിയിൽ ഉൾപ്പോര്; സുരേഷ് ഗോപി നിർണായക ഇടപെടലുകൾ നടത്തുമെന്നു കരുതുന്നവരേറെ
Mail This Article
തിരുവനന്തപുരം∙ സുരേഷ് ഗോപിയിലൂടെ കേരളത്തിൽ ആദ്യമായി ബിജെപിക്ക് എംപി സ്ഥാനം ലഭിച്ചതിന്റെ ആഹ്ലാദം അവസാനിക്കും മുൻപേ ബിജെപിയിൽ ഉൾപ്പാർട്ടി പോര്. ആലപ്പുഴയിൽ ശോഭ സുരേന്ദ്രനെ തോൽപിക്കാൻ ഒരു മുതിർന്ന നേതാവും സംസ്ഥാന ഭാരവാഹിയും ശ്രമിച്ചെന്ന ആരോപണം പുകയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കൾ കേരളത്തിലെത്തിയപ്പോൾ പര്യടനത്തിൽ നിന്ന് ആലപ്പുഴ ഒഴിവാക്കാൻ ചിലർ കരുക്കൾ നീക്കിയെന്നാണ് ശോഭയുടെ പരാതി. പ്രചാരണ രംഗത്ത് നേരിടേണ്ടി വന്ന തിരിച്ചടികളെക്കുറിച്ചു കേന്ദ്ര നേതൃത്വത്തിന് അവർ പരാതി നൽകിയതായി വിവരമുണ്ട്.
-
Also Read
സിപിഎം, എൽഡിഎഫ്: അസ്വാരസ്യം പുറത്തേക്ക്
പത്തനംതിട്ടയിൽ അനിൽ ആന്റണിയെ ജില്ലാ നേതൃത്വം അവഗണിച്ചതായി ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഫല പ്രഖ്യാപനദിവസം സ്ഥലത്തുണ്ടായിട്ടും ബിജെപി ഓഫിസിലേക്ക് അനിൽ എത്തിയില്ല. ഫലം വന്നതിനു ശേഷം പി.സി.ജോർജ് അനിലിനെതിരെ രൂക്ഷവിമർശനം നടത്തി.
മാവേലിക്കരയിൽ ബിഡിജെഎസ് സ്ഥാനാർഥി വോട്ടുവിഹിതം 2.25% വർധിപ്പിച്ചെങ്കിലും തൊട്ടടുത്ത മണ്ഡലങ്ങളിൽ എൻഡിഎ ഉണ്ടാക്കിയ നേട്ടത്തിന് ഒപ്പമെത്തിയില്ലെന്നാണു പരാതി. കോട്ടയത്ത് ബിജെപി ശക്തികേന്ദ്രമായ ഏറ്റുമാനൂരിൽ ബിഡിജെഎസ് സ്ഥാനാർഥിക്ക് വേണ്ട വോട്ട് കിട്ടിയില്ലെന്നാണു മറ്റൊരു പരാതി. പാലക്കാട് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാകാഞ്ഞതും ചർച്ചയായി. തിരുവനന്തപുരത്ത് ബിജെപി മുന്നേറിയെങ്കിലും വട്ടിയൂർക്കാവ് അടക്കമുള്ള മേഖലകളിലെ ചോർച്ച ചർച്ചയാണ്.
കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചാൽ സംസ്ഥാനത്തെ പാർട്ടിയിൽ സുരേഷ് ഗോപി നിർണായക ഇടപെടലുകൾ നടത്തുമെന്നു കരുതുന്നവരുണ്ട്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും സംസ്ഥാനത്തു തന്റെ പ്രവർത്തനം സജീവമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പുതിയ ഒരു വിഭാഗം രംഗത്തു വരികയും അവർക്കു കേന്ദ്രത്തിന്റെ പിന്തുണ ലഭിക്കുകയും ചെയ്താൽ നിലവിലെ പലരുടെയും അവസ്ഥ പരുങ്ങലിലാകും.