ADVERTISEMENT

ആലപ്പുഴ∙ ലോക്സഭാ മണ്ഡലത്തിലെ സിപിഎം തോൽവി കൂടാതെ കായംകുളം നിയമസഭാ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തുമായതോടെ നേതാക്കൾക്കെതിരെ  അണികളുടെ രോഷം ആളിക്കത്തി. മുതിർന്ന സിപിഎം പ്രവർത്തകർ പോലും സമൂഹ മാധ്യമങ്ങളിൽ ഏരിയ നേതൃത്വത്തിനെതിരെ പരിധി വിട്ട രൂക്ഷ വിമർശനം തുടങ്ങി. വിഭാഗീയത സംബന്ധിച്ച വിഷയങ്ങളിൽ ആഞ്ഞടിക്കുന്ന ‘കായംകുളത്തിന്റെ വിപ്ലവം’ എന്ന ഫെയ്സ്ബുക് പേജ് രൂക്ഷമായ കമന്റുകളാൽ നിറയുകയാണ്. കായംകുളത്തു വീണ്ടും സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ അനിവാര്യമാകുന്ന തരത്തിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്.  

മൂന്നാമതായതിന്റെ കാരണം അറിയാം, സിപിഎം നേതാക്കൾ ബിജെപിക്ക് വോട്ട് മറിച്ചു– ഇതാണ് ഒരു കമന്റ്. ഏരിയ സെക്രട്ടറി രാജി വയ്ക്കണം, കമ്മിറ്റി പിരിച്ചുവിടണം തുടങ്ങിയ ആവശ്യങ്ങൾ പരസ്യമായി ഉന്നയിക്കുന്നതു ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ മുതിർ‍ന്ന പാർട്ടി അംഗങ്ങളാണ്. അനുകൂലിച്ച് മറുപടിക്കുറിപ്പുകൾ ഇടുന്നതു വർഷങ്ങളായി പാർട്ടിയിലുള്ള കടുത്ത അനുഭാവികളാണ്. പാർട്ടിയുടെ വിവിധ വാട്സാപ് ഗ്രൂപ്പുകളിലും ഇത്തരം ചർച്ചകൾ മുറുകുന്നു. പ്രതിരോധത്തിനും വിശദീകരണത്തിനും ശ്രമിക്കുന്നവരെ കൂട്ടമായി ആക്രമിക്കുന്നു. നേതാക്കളുടെ ക്വട്ടേഷൻ, ക്രിമിനൽ ബന്ധങ്ങൾ, അധികാരമോഹം, അനാശാസ്യ ബന്ധങ്ങൾ, അഴിമതി എന്നിവയെല്ലാം ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 

മുൻപൊക്കെ പാർട്ടിയിലെ ഒരു പക്ഷത്തിനു വേണ്ടി നിലകൊള്ളാറുള്ള ‘കായംകുളത്തിന്റെ വിപ്ലവം’ പേജ് ഇക്കുറി എല്ലാ നേതാക്കളെയും പക്ഷം നോക്കാതെ, പേരു പറഞ്ഞു തന്നെ ആക്രമിക്കുന്നു. ചില നേതാക്കൾ തിരഞ്ഞെടുപ്പു പ്രവർത്തനം അട്ടിമറിച്ചെന്നും സിപിഎം കോട്ടകളിലെല്ലാം ബിജെപി കടന്നു കയറിയെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബിജെപിക്ക് ലീഡ് നൽകിയ നേതാക്കൾ ഒഴിഞ്ഞു പോകണമെന്നാണ് ആവശ്യം. യു.പ്രതിഭ എംഎൽഎയെ അവഗണിക്കുന്നതായും പറയുന്നു.  

കായംകുളത്ത് 20 വർഷമായി നിയമസഭാ തിരഞ്ഞെടുപ്പുകളിലും 15 വർഷമായി ലോക്സഭാ തിരഞ്ഞെടുപ്പിലും മേൽക്കൈയുണ്ടായിരുന്ന പാർട്ടിയെ ഇത്തവണ ബിജെപി പിന്തള്ളിയതിന് ഏരിയ നേതൃത്വത്തെയാണു പ്രവർത്തകർ പ്രതിക്കൂട്ടിലാക്കുന്നത്. പാർട്ടിയിലെ കുഴപ്പക്കാർക്കെതിരെ നടപടിയെടുക്കാത്തതും മറ്റു പ്രശ്നങ്ങൾ പരിഹരിക്കാത്തതുമാണു കാര്യങ്ങൾ ഇത്രയും വഷളാക്കിയതെന്നാണ് വാദം. മുൻപ് സംസ്ഥാന നേതൃത്വം ഇടപെട്ടാണു കായംകുളത്തെ വിഭാഗീയത ശമിപ്പിച്ചത്. എന്നാൽ, തിരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ അണികൾ വീണ്ടും നേതൃത്വത്തിനു നേരെ തിരിഞ്ഞിരിക്കുകയാണ്.

English Summary:

Massive vote leakage in Kayamkulam: Criticism against CPM area leaders in social media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com