അവയവക്കടത്ത്: പ്രതിയാകുമെന്നു ഭയന്നാണ് ഒളിവിൽ കഴിഞ്ഞതെന്ന് ഷമീർ
Mail This Article
കൊച്ചി ∙ അവയവക്കടത്ത് കേസിൽ പ്രതിയാകുമെന്ന് ഭയന്നാണു താൻ ഇത്രയും നാൾ ഒളിവിൽ കഴിഞ്ഞതെന്നു പാലക്കാട് സ്വദേശി ഷമീർ പൊലീസിനോടു വെളിപ്പെടുത്തി. കഴിഞ്ഞ ദിവസമാണു ഷമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതി സാബിത് നാസർ പിടിയിലായതറിഞ്ഞു ഷമീർ കോയമ്പത്തൂർ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലായി ഒളിച്ചു താമസിക്കുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നു ഷമീർ നേരത്തെയും അവയവദാനത്തിനു ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. പിന്നീട് ഇന്റർനെറ്റ് വഴിയാണു ഹൈദരാബാദ് സ്വദേശി ബെല്ലത്തെ പരിചയപ്പെടുന്നത്. ഇയാൾ വഴി ഇറാനിലെത്തി. അവിടെ വച്ചു പാലാരിവട്ടം സ്വദേശി മധുവാണു ശസ്ത്രക്രിയയ്ക്കു വേണ്ട കാര്യങ്ങൾ ചെയ്തത്. ഏപ്രിൽ മാസത്തിലാണ് അവയവ ദാനം നടത്തിയത്. 40 ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞു. 6 ലക്ഷം രൂപ പ്രതിഫലമായി ലഭിച്ചു. ഷമീർ മറ്റാരെയെങ്കിലും അവയവദാനത്തിനായി ഈ റാക്കറ്റിന് പരിചയപ്പെടുത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മാനദണ്ഡം പാലിക്കാതെയുള്ള അവയവദാനം കുറ്റകരമാണെങ്കിലും ഷമീറിനെ കേസിലെ സാക്ഷിയാക്കാനാണു സാധ്യത.
ഹൈദരാബാദിൽ നിന്ന് ഇറാനിലെത്തി അവയവദാനം നടത്തിയ ചിലരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ മൊഴിയെടുക്കുന്നതിനായി പൊലീസ് സംഘം വീണ്ടും ഹൈദരാബാദിലേക്കു പോകും. ഇവരെ ഇറാനിലേക്കു കടത്തിയ ഹൈദരാബാദ് സ്വദേശിയെ ചോദ്യം ചെയ്തപ്പോഴാണു കൂടുതൽ വിവരങ്ങൾ ലഭ്യമായത്. ഇവരിൽ ചിലരുമായി പൊലീസ് ഫോണിൽ ബന്ധപ്പെട്ടിരുന്നു.