ADVERTISEMENT

കൽപറ്റ ∙ റായ്ബറേലി നിലനിർത്താൻ രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞാൽ പകരം ആരു മത്സരിക്കും? ചർച്ചകൾ സജീവമായിത്തുടങ്ങി. വയനാട് നിലനിർത്തണമെന്നും രാഷ്ട്രീയസാഹചര്യം പരിഗണിച്ചു രാഹുൽ ഒഴിയുകയാണെങ്കിൽ പകരം പ്രിയങ്ക ഗാന്ധിയെത്തന്നെ മത്സ‍രിപ്പിക്കണമെന്നുമുള്ള നിലപാടിലാണു മണ്ഡലത്തിലെ 3 ഡിസിസികളും.

വയനാടുമായി ഹൃദയബന്ധമുണ്ടെന്നും സ്വന്തം കുടുംബം പോലെയാണെന്നും തിരഞ്ഞെടുപ്പു പ്രചാരണവേദികളിൽ പലതവണ പ്രിയങ്ക ഗാന്ധി പറഞ്ഞതാണ്. റായ്ബറേലിയെക്കാൾ വയനാട്ടിൽ തുടരാനാണു രാഹുലിനു താൽപര്യമെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങളും പറയുന്നു. 

പക്ഷേ, ഉത്തർപ്രദേശിൽ ഇന്ത്യാ മുന്നണിയുണ്ടാക്കിയ വൻ വിജയത്തിന്റെയും മാറിയ രാഷ്ട്രീയ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ റായ്ബറേലി നിലനിർത്തണമെന്ന പാർട്ടിയുടെ സമ്മർദത്തിന് അദ്ദേഹം വഴങ്ങിയേക്കാം. വയനാട്ടിൽനിന്നു മാറേണ്ടിവന്നാൽ, പ്രിയങ്കയെത്തന്നെ പകരക്കാരിയാക്കാനാകും രാഹുലിനും താൽപര്യം. പ്രിയങ്ക തയാറായില്ലെങ്കിലാണു കേരളത്തിലെ പ്രമുഖ നേതാക്കളിലാരെങ്കിലും സ്ഥാനാർഥിയായെത്തുക.

രാജ്യസഭയിലേക്കില്ലെന്നു പറഞ്ഞ കെ.മുരളീധരൻ വയനാട്ടിലേക്കും ഇല്ലെന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ, പാർട്ടി തീരുമാനിച്ചാൽ അദ്ദേഹം മത്സരിക്കാൻ തയാറാകും എന്നു കരുതുന്നവർ കോൺഗ്രസിലുണ്ട്. വയനാട്ടിലെ തിരുവമ്പാടി, കൽപറ്റ, ബത്തേരി ഉൾപ്പെട്ട പഴയ കോഴിക്കോട് മണ്ഡലത്തിൽ 3 തവണ എംപിയുമായിരുന്നു. വയനാട് മണ്ഡലം രൂപീകരിച്ച ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ എൻസിപി സ്ഥാനാർഥിയായി 99,663 വോട്ടുകളും നേടി.

എം.എം.ഹസൻ, പി.എം.നിയാസ്, ആര്യാടൻ ഷൗക്കത്ത്, ഷാനിമോൾ ഉസ്മാൻ തുടങ്ങിയവരും വയനാട് മോഹിച്ചവരാണ്. രമേശ് ചെന്നിത്തല, ടി.സിദ്ദീഖ് തുടങ്ങിയ പേരുകളും പറഞ്ഞുകേൾക്കുന്നുണ്ട്. എന്നാൽ, അടുത്ത ഭരണം യുഡിഎഫ് പിടിച്ചാൽ മന്ത്രിസഭാംഗമാകാമെന്ന കണക്കുകൂട്ടലാണു പ്രമുഖരായ പല നേതാക്കൾക്കുമുള്ളത് എന്നതിനാൽ അപ്രതീക്ഷിതമായ പേരുകളും ഉയർന്നുവരാം.

English Summary:

Three congress DCC presidents prefer Priyanka Gandhi to contest in Wayanad if byelection happens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com