സിവിൽ ജഡ്ജ് സ്ഥലംമാറ്റം ഇനി മേഖലാടിസ്ഥാനത്തിൽ
Mail This Article
തിരുവനന്തപുരം ∙ സിവിൽ ജഡ്ജിമാരുടെ സ്ഥലംമാറ്റം ഇനിമുതൽ റൊട്ടേഷൻ വ്യവസ്ഥയിൽ 3 മേഖലകൾ അടിസ്ഥാനമാക്കി മാത്രം. ദക്ഷിണ, മധ്യ, ഉത്തര മേഖലകളായാണു തിരിച്ചിരിക്കുന്നത്. ഒരു സ്ഥലത്തു 3 വർഷത്തേക്കാകും നിയമനം. തുടർന്ന് ആ മേഖലയിൽ തിരിച്ചെത്തണമെങ്കിൽ 6 വർഷം കഴിണം. അഭിഭാഷകരായി പ്രാക്ടിസ് ചെയ്ത സ്ഥലത്ത് നിയമനം ലഭിക്കില്ല. ജന്മസ്ഥലം, ഭൂമിയുള്ള സ്ഥലം എന്നിവിടങ്ങളിലും നിയമനമില്ല.
കേരള ജുഡീഷ്യൽ സർവീസിലെ സിവിൽ ജഡ്ജ് (സീനിയർ ഡിവിഷൻ), സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ) എന്നിവരുടെ പൊതു സ്ഥലംമാറ്റത്തിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഹൈക്കോടതി റജിസ്ട്രാർ ജനറൽ പുറത്തിറക്കിയ നിർദേശങ്ങളിലാണ് ഇക്കാര്യം പറയുന്നത്.
സ്ഥലംമാറ്റത്തിനുള്ള മറ്റു വ്യവസ്ഥകളിങ്ങനെ:
∙ തുടർച്ചയായി 3 വർഷത്തിലേറെ ഒരു ജില്ലയിൽ പ്രവർത്തിക്കാൻ അനുവദിക്കില്ല. പ്രത്യേക സാഹചര്യങ്ങളിൽ മേഖലയിലെ മറ്റൊരു ജില്ലയിൽ 3 വർഷം കൂടി തുടരാം. ഭാര്യാഭർത്താക്കന്മാരാണെങ്കിൽ സീനിയോറിറ്റി നോക്കാതെ ഒരേ സ്ഥലത്തു നിയമിക്കും.
∙ 9, 11 ക്ലാസുകളിൽ പഠിക്കുന്ന മക്കളുണ്ടെങ്കിൽ ഒരേ സ്ഥലത്ത് 3 വർഷത്തിൽ കൂടുതൽ തുടരാം. കുടുംബ കോടതി ജഡ്ജിമാർക്ക് ഒരു സ്ഥലത്ത് 5 വർഷം പ്രവർത്തിക്കാം.
∙ 40 ശതമാനത്തിലേറെ ശാരീരിക പരിമിതിയുണ്ടെങ്കിൽ അധികം യാത്ര ചെയ്യേണ്ട സ്ഥലങ്ങളിലെ നിയമനം ഒഴിവാക്കും.
∙ ഒരു നിശ്ചിത ജില്ലയിൽ 9 വർഷം പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അവിടെ വീണ്ടും നിയമനം ലഭിക്കില്ല. പ്രത്യേക സാഹചര്യങ്ങളിലൊഴികെ, 3 വർഷം തികയാതെയുള്ള സ്ഥലംമാറ്റ അപേക്ഷകൾ സ്വീകരിക്കില്ല.
∙ ഹൈക്കോടതിയിൽ ഡപ്യൂട്ടേഷനിലുള്ളവർക്കും കേരള ലീഗൽ സർവീസസ് അതോറിറ്റിയിലുള്ളവർക്കും സ്ഥലംമാറ്റ വ്യവസ്ഥകൾ ബാധകമല്ല.
∙ സംസ്ഥാനത്തുടനീളം കാര്യങ്ങൾ പഠിക്കാനുള്ള അവസരം നൽകുന്നതിനാണ് പുതിയ വ്യവസ്ഥകളെന്നും ഹൈക്കോടതി റജിസ്ട്രാർ ജനറലിന്റെ നിർദേശങ്ങളിൽ പറയുന്നു.