ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനെ തിരുത്തേണ്ട സമയത്ത് സിപിഐ അതു ചെയ്തില്ലെന്ന് പാർട്ടി സംസ്ഥാന നിർവാഹകസമിതിയിൽ വിമർശനം. എല്ലാം കഴിഞ്ഞു പിണറായിക്കെതിരെ പറഞ്ഞിട്ട് എന്തുകാര്യമെന്ന ചോദ്യം യോഗത്തിൽ ഉയർന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രാഥമിക അഭിപ്രായ പ്രകടനങ്ങളാണ് നിർവാഹകസമിതിയിൽ ഉണ്ടായത്.

സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്നു പിഴവുകളുണ്ടായപ്പോൾ തന്നെ തിരുത്താൻ സിപിഐ മുന്നിട്ടിറങ്ങിയിരുന്നെങ്കിൽ ജനങ്ങളുടെ പിന്തുണ സിപിഐക്ക് കിട്ടുമായിരുന്നു. സിപിഎമ്മിന്റെ തന്നെ അണികളും ആ തിരുത്തലിനൊപ്പം നിന്നേനെ. എങ്കിൽ ആവശ്യമായ മാറ്റങ്ങൾക്കു മുഖ്യമന്ത്രിയും തയാറാകുമായിരുന്നു. ജനം തോൽപിച്ചവരെ ഇനി വീണ്ടും കുത്തിയിട്ട് എന്തു കാര്യം? 

സർക്കാരിനെതിരെയുള്ള വികാരം ഈ വൻ തോൽവിയിൽ പ്രകടമാണെന്ന അഭിപ്രായവും ഉണ്ടായി. ഇ.പി.ജയരാജനും പ്രകാശ് ജാവഡേക്കറും തമ്മിലുള്ള കൂടിക്കാഴ്ചാ വിവാദവും എൽഡിഎഫിനെ ബാധിച്ചു. പോളിങ് ശതമാനം കുറയാൻ അതു കാരണമായി. ജനം എങ്ങനെയാണു ചിന്തിക്കുന്നതെന്നു നേതാക്കൾക്കു മനസ്സിലാകുന്നില്ലെന്നാണ് ഫലത്തെക്കുറിച്ചുള്ള പാർട്ടി വിലയിരുത്തലുകൾ വ്യക്തമാക്കുന്നതെന്ന വികാരവും യോഗത്തിൽ ഉണ്ടായി.

സിപിഐ മത്സരിച്ച നാലു സീറ്റുകളെക്കുറിച്ചുള്ള റിപ്പോർട്ടും ചർച്ചയുമാണ് പ്രധാനമായും നടന്നത്. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട എൽഡിഎഫ് ചർച്ചകളിൽ പങ്കെടുക്കേണ്ടിയിരുന്നതിനാൽ സെക്രട്ടറി ബിനോയ് വിശ്വത്തിന് കൂടുതൽ സമയവും വിട്ടു നിൽക്കേണ്ടിവന്നു. വിശദമായ ചർച്ച അടുത്ത നിർവാഹകസമിതി, കൗൺസിൽ യോഗങ്ങളിൽ നടക്കും.

English Summary:

CPI State Executive Committee Criticizes Leadership

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com